അതുല്യയുടെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെവശ്യപ്പെട്ട് കുടുംബം ഷാര്‍ജ പൊലീസില്‍ പരാതി നല്‍കി


ഷാർജ: അതുല്യയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഷാർജ പൊലീസില്‍ പരാതി നല്‍കി. 

അതുല്യയുടെ സഹോദരി അഖില, സഹോദരി ഭർത്താവ് ഗോകുല്‍ എന്നിവർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികള്‍ക്ക് ഒപ്പമാണ് പൊലീസിനെ സമീപിച്ചത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർ നടപടികളിലേക്ക് കടക്കും എന്ന് അധികൃതർ ബന്ധുക്കളെ അറിയിച്ചു. നാട്ടിലെ കേസ് വിവരങ്ങളും, പീഡനത്തിന്റെ ദൃശ്യങ്ങളും കുടുംബം പൊലീസിന് കൈമാറി.

സംഭവത്തില്‍ ഭർത്താവ് സതീഷിനെ ദുബൈയില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ജോലിയില്‍ നിന്നും പുറത്താക്കിയതിന് കമ്പനി രേഖാമൂലം കത്ത് നല്‍കി. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. 

ഒരു വർഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്‍റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. 

ഷാർജയിലെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയിലാണ് വെള്ളിയാഴ്ച അതുല്യയെ കണ്ടെത്തിയത്. ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിന്‍റെ ക്രൂര പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് അതുല്യയുടെ കുടുംബത്തിന്‍റെ ആരോപണം. സതീഷിനെതിരെ നാട്ടില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ