കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, തലസ്ഥാനത്തെ ആറ് റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യ നിർമ്മാണ ശാലകളുടെ വിപുലമായ ശൃംഖല തകർത്തു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന ഈ ഏകോപിത നീക്കത്തിൽ, പ്രാദേശികമായി നിർമ്മിച്ച മദ്യത്തിന്‍റെ ഉത്പാദനം, പാക്കേജിംഗ്, വിതരണം എന്നിവയിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന നേപ്പാളി, ഇന്ത്യൻ സ്വദേശികളായ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 52 പേർ അറസ്റ്റിലായി.
ജൂലൈ 23 ബുധനാഴ്ച നടന്ന ഈ ഓപ്പറേഷനിൽ കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ അസ്ഫോർ, ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹാമിദ് അൽ ദവാസ്, സർക്കാർ സ്ഥാപനങ്ങളിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ഈ നടപടി കുവൈത്തിലെ ലഹരി മാഫിയക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.