റിയാദ്: നിരോധിത മരുന്നുമായി ഉംറക്കെത്തി. സൗദിയില്‍ പിടിയിലായ മലയാളി നാലു മാസത്തിന് ശേഷം ജയില്‍ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയും കുടുംബവുമാണ് നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലില്‍ കഴിയേണ്ടി വന്നത്.
അയല്‍വാസിയായ സുഹൃത്ത് മക്കയിലെ രോഗിയായ സുഹൃത്തിന് നല്‍കാനായി കൊടുത്തുവിട്ട വേദനാ സംഹാരി ഗുളികയാണ് പ്രശ്‌നമായത്. കഴിഞ്ഞ വർഷം ജൂലൈ അവസാനമാണ് കേസിന് ആസ്പദമായ സംഭവം.
കസ്റ്റംസ് അധികൃതരാണ് സംശയത്തിന്റെ പേരില്‍ മുസ്തഫയെ കുടുംബത്തോടെ ജിദ്ദയില്‍ പിടികൂടിയത്.
പിന്നീട് ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാർട്ട്മെൻറിന് കൈമാറി. കുറ്റം തെളിഞ്ഞതോടെ നാലര മാസം ജയിലില്‍ കഴിയേണ്ടി വന്നു. ഭാര്യയെയും രണ്ട് കുട്ടികളെയും നേരത്തെ വിട്ടയച്ചു.
ഇവരെ പിന്നീട് സുഹൃത്തുക്കളുടെ സഹകരണത്തോടെ നാട്ടിലെത്തിച്ചു. ഒരു വർഷം എടുത്താണ് കേസിന്റെ നടപടികള്‍ പൂർത്തിയാക്കിയത്. ഇതോടെയാണിപ്പോള്‍ മുസ്തഫക്ക് നാട്ടിലേക്ക് പോവാൻ അവസരം ഒരുങ്ങുന്നത്.