കുവൈത്ത്/ മനാമ: ലോകപ്രശസ്ത ഹൈപ്പർമാർക്കറ്റ് ശൃംഖലയായ കാരിഫൂർ കുവൈത്തിലും ബഹ്റൈനിലും പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. കുവൈത്തിലെ പ്രവർത്തനം സെപ്റ്റംബർ 16 മുതൽ സ്ഥിരമായി അവസാനിപ്പിക്കുമെന്ന് കാരിഫൂർ മാനേജ്മെന്റ് അറിയിച്ചു. രാജ്യത്തെ പ്രമുഖ പത്രമായ അൽ-ഖബാസ് ആണ് വിവരം പുറത്തുവിട്ടത്. അതേസമയം, ബഹ്റൈനിലെ കാരിഫൂർ ഈ ആഴ്ച മുതൽ വ്യാപാര പ്രവർത്തനങ്ങൾ പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രഖ്യാപിച്ചു. വർഷങ്ങളായി നീണ്ടുനിന്ന സേവനത്തിന് തിരശ്ശീലവീഴുന്നതായും, കഴിഞ്ഞ ദശാബ്ദങ്ങളിലുടനീളം നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും ഉപഭോക്താക്കൾക്ക് നന്ദി അറിയിക്കുന്നുവെന്നും കമ്പനി അറിയിച്ചു. ഗൾഫ് മേഖലയിലെ വിപണികളിൽ ശക്തമായ സാന്നിധ്യം പുലർത്തിയിരുന്ന കാരിഫൂറിന്റെ പെട്ടെന്നുള്ള ഈ നീക്കം വ്യാപാരലോകത്തെ ആശ്ചര്യത്തിലാഴ്ത്തിയിരിക്കുകയാണ്