ഒമാൻ: ഒമാനിൽ പ്രവാസികളായ തൊഴിലാളികളുടെ പാസ്പോർട്ട് തൊഴിലുടമയക്ക് കൈവശം വെക്കണമെങ്കിൽ തൊഴിലാളികളുടെ അനുവാദം വേണമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ്.
പ്രവാസി തൊഴിലാളികൾക്ക്, വ്യക്തിഗത രേഖകളുമായി ബന്ധപ്പെട്ട നിയമപരമായി ലഭിക്കേണ്ട അവകാശമാണിതെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ തൊഴിൽ നിയമത്തെക്കുറിച്ച് വിശദീകരിക്കുന്ന റോയൽ ഡിക്രി നമ്പർ 53/2023-ലെ ആർട്ടിക്കിൾ 6-ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്വകാര്യ രേഖകളോ പാസ്പോർട്ടോ തൊഴിലുടമ സൂക്ഷിക്കണമെങ്കിൽ ജീവനക്കാരന്റെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. ഈ വ്യവസ്ഥകൾ ലംഘിച്ചാൽ നിയമപരമായ ശിക്ഷയ്ക്ക് ഉത്തരവാദിയാകും.
ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന രേഖയാണ് പാസ്പോർട്ട്. അത് അതിന്റെ ഉടമകളുടെ കൈവശമാണ് ഉണ്ടായിരിക്കേണ്ടത്.
തൊഴിലാളിയുടെ സമ്മതമില്ലാതെ ഏതെങ്കിലും തൊഴിലുടമ പാസ്പോർട്ട് കൈവശം വെച്ചിട്ടുണ്ടെങ്കിൽ അവർക്ക് പാസ്പോർട്ട് തിരികെ ലഭിക്കാനായി തൊഴിൽ മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്.
പാസ്പോർട്ട് നൽകാത്തതിന് ഒരു തൊഴിലാളിയെ പിരിച്ചുവിടുന്നത് നിയമ വിരുദ്ധമാണെന്നും നിയമം വ്യക്തമാക്കുന്നു. പാസ്പോർട്ട് സൂക്ഷിക്കുന്ന തൊഴിലുടമകൾ തൊഴിലാളികൾക്ക് അത് എത്രയും പെട്ടെന്ന് തിരികെ നൽകണമെന്നും ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് കൂട്ടിച്ചേർത്തു.