ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ ഇനി മുതല്‍ യു.പി.ഐ വഴി പണമടക്കാം

 


ദോഹ: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഖത്തറില്‍ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) ഉപയോഗിക്കാന്‍ സൗകര്യം ഒരുങ്ങി. ഖത്തറില്‍ യു.പി.ഐ പ്രവര്‍ത്തനക്ഷമമായ ആദ്യ വ്യാപാരിയായി ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകള്‍ മാറിയതായി ഇന്റര്‍നാഷണല്‍ പേയ്മെന്റ്‌സ് ലിമിറ്റഡ് (എന്‍.ഐ.പി.എല്‍) പ്രസ്താവനയില്‍ പറഞ്ഞു. എന്‍.ഐ.പി.എല്ലും ഖത്തര്‍ നാഷണല്‍ ബാങ്കും (ക്യു.എന്‍.ബി) തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് ഖത്തറില്‍ യു.പി.ഐ സംവിധാനം നിലവില്‍വന്നത്.

പോയിന്റ്-ഓഫ്-സെയില്‍ ടെര്‍മിനലുകളില്‍ ക്യു.ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ വഴി ഖത്തറിലുടനീളം യു.പി.ഐ സ്വീകാര്യത സാധ്യമാക്കുന്നു. നെറ്റ്സ്റ്റാര്‍സിന്റെ പേയ്മെന്റ് സൊല്യൂഷന്‍ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇത് ഖത്തറിലെ ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ഇടപാടുകള്‍ എളുപ്പമാക്കും. ഖത്തറിലെത്തുന്ന വിദേശ വിനോദസഞ്ചാരികളില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗമാണ് ഇന്ത്യക്കാര്‍. ഖത്തറില്‍ യു.പി.ഐ അവതരിപ്പിക്കുന്നത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും തത്സമയ പണമടക്കല്‍ നടത്താന്‍ ഇന്ത്യക്കാരെ അനുവദിക്കുന്നു. ഇത് പണത്തിന്റെയും കറന്‍സി മാറ്റത്തിന്റെയും ആവശ്യകത കുറക്കുന്നു.

ഖത്തര്‍ നാഷണല്‍ ബാങ്ക് ഏറ്റെടുത്ത വ്യാപാരികള്‍ക്കുള്ള ഇടപാട് അളവ് വര്‍ധിപ്പിച്ചുകൊണ്ട് ഖത്തറില്‍ റീട്ടെയില്‍, ടൂറിസം മേഖലകളെയും ഈ നീക്കം പിന്തുണക്കും. ആഗോളതലത്തില്‍ യു.പി.ഐയുടെ സ്വീകാര്യത വര്‍ധിപ്പിക്കാനും പരസ്പരം പ്രവര്‍ത്തിക്കാവുന്ന ഒരു ആഗോള പേയ്മെന്റ് ശൃംഖല സൃഷ്ടിക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നതായി എന്‍.ഐ.പി.എല്‍ എം.ഡിയും സി.ഇ.ഒയുമായ റിതേഷ് ശുക്ല പറഞ്ഞു. ഖത്തര്‍ നാഷണല്‍ ബാങ്കുമായുള്ള പങ്കാളിത്തം ഈ യാത്രയിലേക്കുള്ള ഒരു ചുവടുവെപ്പാണ്. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ യാത്രക്കാരെ തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും പണത്തെ ആശ്രയിക്കുന്നത് കുറക്കാനും ഇത് സഹായിക്കും.

യു.പി.ഐയുടെ സമാരംഭം ഖത്തര്‍ സമ്പദ് വ്യവസ്ഥക്ക് ഉത്തേജനമായി കാണുന്നതായി ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫീസര്‍ യൂസഫ് മഹ്മൂദ് അല്‍നിഅ്മ പറഞ്ഞു. പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുക, റീട്ടെയില്‍, ടൂറിസം മേഖലകള്‍ക്ക് കരുത്തു പകരുക, പേയ്മെന്റ് ആവാസവ്യവസ്ഥയില്‍ പരസ്പര പ്രവര്‍ത്തനക്ഷമത ശക്തിപ്പെടുത്തുക എന്നിവയിലൂടെ ഖത്തര്‍ വിപണിക്ക് ഗണ്യമായ നേട്ടങ്ങളും നല്‍കുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ഡ്യൂട്ടി ഫ്രീയാണ് യു.പി.ഐ പേയ്മെന്റുകള്‍ വാഗ്ദാനം ചെയ്യുന്ന ഖത്തറിലെ ആദ്യത്തെ വ്യാപാരി. ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ യാത്രക്കാര്‍ക്ക് സൗകര്യവും പ്രവേശനക്ഷമതയും വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് റീട്ടെയില്‍ ആന്റ് ഹോസ്പിറ്റാലിറ്റി ഓഫീസര്‍ സാബിത് മുസ്‌ലിഹ് പറഞ്ഞു.

എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍, ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ്, ഖത്തര്‍ നാഷണല്‍ ബാങ്ക് എന്നിവയുമായി ചേര്‍ന്ന് ഖത്തറില്‍ ആദ്യമായി യു.പി.ഐ പ്രാപ്തമാക്കുന്ന ഈ തന്ത്രപരമായ പങ്കാളിത്തത്തിന്റെയും നാഴികക്കല്ലിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് നെറ്റ്സ്റ്റാര്‍സ് കമ്പനി ലിമിറ്റഡ് പ്രതിനിധി ഡയറക്ടറും സി.ഇ.ഒയുമായ സുയോഷി റി പറഞ്ഞു. അധികം വൈകാതെ ഖത്തറിലെ മറ്റു വ്യപാരസ്ഥാപനങ്ങളിലും യു പി ഐ സൗകര്യം കൊണ്ട് വരുമെന്നാണ് സൂചനകൾ.

വളരെ പുതിയ വളരെ പഴയ