പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും വേണ്ട, ചെക്ക് ഇൻ ചെയ്യാൻ പുതിയ സംവിധാനവുമായി എമിറേറ്റ്സ്


ദുബായ്: എമിറേറ്റ്സ് എയർലൈൻ വഴി യാത്ര ചെയ്യുന്നവർക്ക് ഇനി അതിവേഗം സുരക്ഷാ പരിശോധനകള്‍ പൂർത്തിയാക്കാം. യാത്രയുമായി ബന്ധപ്പെട്ട നടപടി ക്രമത്തില്‍ വേഗത്തിലാക്കാൻ പ്രത്യേക മുഖം തിരിച്ചറിയല്‍ (facial recognition) സംവിധാനം എമിറേറ്റ്സ് അവതരിപ്പിച്ചു.

85 മില്യണ്‍ ദിർഹം മുടക്കി ദുബായ് എയർപോർട്ടിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

നിലവില്‍ ദുബായ് എയർപോർട്ടിലെ ടെർമിനല്‍ 3-ല്‍ ആണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. യാത്രക്കാരന് പാസ്പോർട്ടോ മൊബൈല്‍ ഫോണോ പുറത്തെടുക്കാതെ തന്നെ ചെക്കിങ് പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനത്തിന്റെ പ്രവർത്തനം. 

ആദ്യം എമിറേറ്റ്സ് ആപ്പ് ഉപയോഗിച്ച്‌ നമ്മുടെ യാത്ര വിവരങ്ങള്‍ രജിസ്റ്റർ ചെയ്യണം. പിന്നിട് എയർപോർട്ടില്‍ എത്തിയ ശേഷം ചെക്ക് ഇൻ നടപടി ക്രമങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഗേറ്റിലേക്ക് യാത്രക്കാരൻ പ്രവേശിക്കണം.

ഈ സമയത്ത് ഗേറ്റില്‍ സ്ഥാപിച്ചിട്ടുള്ള മുഖം തിരിച്ചറിയല്‍ സംവിധാനം യാത്രക്കാരന്റെ മുഖം ക്യാമറകളുടെയും, എ ഐയുടെയും സഹായത്തോടെ നീരീക്ഷിക്കും. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള ഡാറ്റയില്‍ യാത്രക്കാരന്റെ വിവരങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും. വിവരങ്ങള്‍ ശരിയാണെങ്കില്‍ ഉടൻ തന്നെ ഗേറ്റ് തുറക്കുകയും യാത്രക്കാരന് അകത്ത് പ്രവേശിക്കുകയും ചെയ്യാം.

ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് (GDRFA) സഹകരണത്തോടെ വികസിപ്പിച്ച ഈ സംവിധാനം വഴി രജിസ്റ്റർ ചെയ്ത യാത്രക്കാരന് ചെക്-ഇൻ, ഇമിഗ്രേഷൻ, ലൗഞ്ച്, ബോർഡിംഗ് ഗേറ്റ് തുടങ്ങിയ ഘട്ടങ്ങള്‍ പൂർത്തിയാക്കാൻ ക്യാമറയില്‍ മുഖം കാണിച്ചാല്‍ മാത്രം മതി.

ഒരു മീറ്റർ അകലെ നിന്നു തന്നെ യാത്രക്കാരനെ തിരിച്ചറിയാൻ സാങ്കേതിക വിദ്യക്ക് കഴിയുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഇതുവഴി ഡോക്യുമെന്റ് പരിശോധിക്കാനായി യാത്രക്കാർ ക്യു നില്‍ക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വളരെ പുതിയ വളരെ പഴയ