റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ ജിമ്മുകളിലും സ്‌പോർട്‌സ് കേന്ദ്രങ്ങളിലും 15 ശതമാനം സ്വദേശിവല്‍ക്കരണത്തിന് നീക്കം.
ഇന്നലെയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വദേശിവല്‍ക്കരണം സംബന്ധിച്ച ഉത്തരവിറക്കിയത്.
രാജ്യത്തുടനീളമുള്ള സൗദി പൗരന്മാർക്ക് കൂടുതല്‍ പ്രചോദനാത്മകവും ഉല്‍പ്പാദനപരവുമായ തൊഴിലവസരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. 2026 നവംബർ മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നാലോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് സ്വദേശിവല്‍ക്കരണ തീരുമാനം ബാധകമാകുക. പുരുഷ, വനിതാ ജിമ്മുകളിലെയും സ്‌പോർട്‌സ് കേന്ദ്രങ്ങളിലെയും 12 തൊഴിലുകള്‍ക്ക് ഇത് ബാധകമാകും.
സ്‌പോർട്‌സ് കോച്ച്, പ്രൊഫഷണല്‍ ഫുട്‌ബോള്‍ കോച്ച്, സ്‌പോർട്‌സ് സൂപ്പർവൈസർ, പേഴ്‌സണല്‍ ട്രെയിനർ, പ്രൊഫഷണല്‍ അത്‌ലറ്റിക്‌സ് കോച്ച് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സൗദിവല്‍ക്കരണത്തെയും നടപടി ക്രമങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന ഒരു ഗൈഡ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

