header-ad

ഇനി അമുസ്ലീങ്ങളായ എല്ലാ വിദേശികള്‍ക്കും മദ്യം ലഭിക്കും; ഇളവുകള്‍ അനുവദിച്ച്‌ സൗദി അറേബ്യ.


റിയാദ്: ജിദ്ദയിലും ദമാമിലും പുതിയ മദ്യശാലകള്‍ തുറക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്തു വരുന്നതിനിടെ മദ്യ വില്‍പനയില്‍ വിദേശികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ സൗദി അറേബ്യ.

റിയാദില്‍ പ്രവർത്തിക്കുന്ന മദ്യവില്‍പ്പന ശാലയില്‍ നിന്നും നയതന്ത്ര ഉദ്യോഗസ്ഥർ അല്ലാത്ത വിദേശികള്‍ക്കും ഇനിമുതല്‍ മദ്യം വാങ്ങാം. നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു ഇതു വരെ ഇവിടെ നിന്നും മദ്യം വാങ്ങാൻ അനുമതി. 

അമുസ്ലീങ്ങളായ എല്ലാ വിദേശികള്‍ക്കും റിയാദിലെ മദ്യശാലയില്‍ നിന്നും മദ്യം വാങ്ങാൻ അനുമതി ലഭിച്ചുവെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

അതേ സമയം, അമുസ്ലീങ്ങളായ എല്ലാ വിദേശികള്‍ക്കും മദ്യം വാങ്ങാനാകില്ല. പ്രതിമാസ ശമ്പളം മിനിമം 50,000 റിയാല്‍ (ഏകദേശം 11.8 ലക്ഷം രൂപ) ലഭിക്കുന്ന വിദേശികള്‍ക്ക് മാത്രമേ മദ്യശാലയില്‍ നിന്നും മദ്യം ലഭിക്കുകയുള്ളു.സാമ്ബത്തിക പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.

നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമുണ്ടായിരുന്ന ഇളവ് കഴിഞ്ഞമാസം പ്രീമിയം വീസ ഉള്ളവർക്കും അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അമുസ്ലീങ്ങളായ മറ്റ് വിദേശികള്‍ക്കും ഇളവ് ബാധകമാക്കിയത്. 

മദ്യം വാങ്ങാനുദ്ദേശിക്കുന്ന വിദേശികള്‍ താമസ രേഖകളും ശമ്പമ്പ വിവരങ്ങളും സ്റ്റോറില്‍ സമർപ്പിക്കണം. അവ പരിശോധിച്ച ശേഷമാണ് മദ്യം അനുവദിക്കുക.

ഇളവുകള്‍ അനുവദിച്ചതിന് പിന്നാലെ മദ്യ വില്‍പന കുതിച്ചു കയറിയെന്നും ഇതിനകം 12,500ല്‍ അധികം പ്രീമിയം വീസ ഉടമകള്‍ മദ്യം വാങ്ങിയെന്നും റിപ്പോർട്ടിലുണ്ട്. 

തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്കും 8 ലക്ഷം റിയാല്‍ ഒറ്റത്തവണ പേയ്മെന്റ് നടത്തുന്നവർക്കുമാണ് പ്രീമിയം വീസ ലഭിക്കുന്നത്. 2019ല്‍ ആയിരുന്നു സൗദി പ്രീമിയം വീസ സംവിധാനം ആരംഭിച്ചത്.

അര നൂറ്റാണ്ടിലേറെ നീണ്ട വിലക്കുകള്‍ക്ക് വിരാമമിട്ടായിരുന്നു രാജ്യത്ത് കഴിഞ്ഞ വർഷം സൗദി അറേബ്യ, മദ്യ വില്‍പനശാല തുറന്നത്. എണ്ണ ഇതര സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരന്റെ ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാര നടപടികളിലൊന്നാണ് മദ്യ വില്‍പനശാലകളും. 

'വിഷൻ 2030' എന്ന മാസ്റ്റർ പ്ലാനുമായാണ് സൗദി സമ്പദ്‍ വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കുന്നത്. നേരത്തേ, 1952 വരെ സൗദിയില്‍ മദ്യം ലഭിച്ചിരുന്നെന്നും പിന്നീടാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

സൗദി അറേബ്യയുടെ മൊത്ത വരുമാനത്തിന്റെ ഭൂരിഭാഗവും നേരത്തേ ക്രൂഡ് ഓയില്‍ വില്‍പന വഴിയായിരുന്നെങ്കില്‍ ഇപ്പോള്‍ എണ്ണ ഇതര വരുമാനം 50 ശതമാനത്തിന് മുകളിലെത്തിയെന്ന് അടുത്തിടെ നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലി വ്യക്തമാക്കിയിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം എണ്ണയിതര സമ്പദ്‍വ്യവസ്ഥ 50.6 ശതമാനമാണ്. 

ടൂറിസം, ധനകാര്യം, അടിസ്ഥാന സൗകര്യ വികസനം, സ്പോർട്സ്, മറ്റ് വിനോദങ്ങള്‍ തുടങ്ങിയവയിലാണ് സൗദി പ്രധാനമായും ശ്രദ്ധയൂന്നുന്നത്. എഐയ്ക്കും ഊന്നലുണ്ട്. ജിഡിപിയില്‍ ടൂറിസത്തിന്റെ പങ്ക് 2019ല്‍ 3% ആയിരുന്നെങ്കില്‍ 2024ല്‍ അത് 5 ശതമാനത്തിലെത്തി.

2030ഓടെ ജിഡിപിയില്‍ വിനോദ സഞ്ചാര മേഖലയുടെ വിഹിതം 10 ശതമാനം കവിയുമെന്ന് കരുതുന്നു. ഇതു വൈകാതെ 20 ശതമാനത്തിനു മുകളിലേക്ക് ഉയർത്തുകയുമാണ് സൗദിയുടെ ലക്ഷ്യം. മദ്യശാല തുറക്കുമെങ്കിലും സൗദിയില്‍ എല്ലാവർക്കും വാങ്ങാനാവില്ല. അമുസ്ലിങ്ങളായ വിദേശ പൗരന്മാർക്ക് മാത്രമാകും അനുമതി. 

2034ല്‍ ഫുട്ബോള്‍ ലോകകപ്പിന് വേദിയാകുന്നത് സൗദിയാണ്. ഈ കായിക മാമാങ്കത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗവുമായാണ് മദ്യ നിരോധനം നിബന്ധനകളോടെ നീക്കുന്നതെന്നാണ് സൂചനകള്‍.

മദ്യ സ്റ്റോറുകള്‍ തുറന്നേക്കുമെങ്കിലും വീര്യം കൂടിയവ (ഉയർന്ന ആല്‍ക്കഹോള്‍ അംശമുള്ളവ) കിട്ടാനും സാധ്യതയില്ല. 

20 ശതമാനത്തില്‍ താഴെ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യമായിരിക്കും അനുവദിച്ചേക്കുക. രാജ്യത്തെ നിയമവ്യവസ്ഥ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയായിരിക്കും വില്‍പന.

ജിദ്ദയിലും ദമാമിലും പുതിയ മദ്യശാലകള്‍ ആരംഭിക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

 കഴിഞ്ഞ വർഷം റിയാദില്‍ ആദ്യ മദ്യ വില്‍പ്പനശാല തുറന്നതിന് പിന്നാലെയാണ് സൗദിയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കം ശക്തമായെന്നും റിപ്പോർട്ടില്‍ പറയുന്നു.

വളരെ പുതിയ വളരെ പഴയ