അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി തിളക്കം; നേടിയത് 61 കോടി


ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും കോടികളുടെ സമ്മാനത്തിന് അർഹനായി മലയാളി. സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരനും മലയാളിയുമായ രാജൻ പിവിയെ തേടിയാണ് കോടികളുടെ ഭാഗ്യം എത്തിയിരിക്കുന്നത്.

നവംബറിലെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 2.5 കോടി ദിർഹം അഥവാ 61 കോടി രൂപയാണ് രാജൻ സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബർ 3-ന് നടന്ന തത്സമയ നറുക്കെടുപ്പിലാണ് ഈ പ്രഖ്യാപനം. രാജൻ തന്റെ '282824' എന്ന ടിക്കറ്റ് നവംബർ 9നാണ് വാങ്ങിയത്.

കേരളത്തില്‍ നിന്നുള്ള 52 വയസുകാരനായ രാജൻ, കഴിഞ്ഞ 30 വർഷമായി കുടുംബത്തോടൊപ്പം സൗദി അറേബ്യയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ സൂപ്പർവൈസറായി ജോലി ചെയ്‌തു വരികയായിരുന്നു. 

15 വർഷത്തോളമായി ബിഗ് ടിക്കറ്റിന്റെ ഉപഭോക്താവാണ് അദ്ദേഹം. സുഹൃത്തുക്കളുടെ നിർദ്ദേശത്തിലാണ് ടിക്കറ്റെടുക്കാൻ തുടങ്ങിയത്. 16 അടുത്ത സുഹൃത്തുക്കളുടെ കൂട്ടത്തിനൊപ്പം എന്ന നിലയില്‍ ഇതൊരു പതിവായി മാറി.

'15 വർഷം മുൻപാണ് ഞാൻ ബിഗ് ടിക്കറ്റിനെക്കുറിച്ച്‌ സുഹൃത്തുക്കളിലൂടെ അറിഞ്ഞത്. തത്സമയ നറുക്കെടുപ്പുകള്‍ സ്ഥിരമായി കാണുകയും വിജയികളുടെ കഥകള്‍ വാർത്തകളില്‍ പിന്തുടരുകയും ചെയ്‌തത്‌ എന്റെ ഭാഗ്യം പരീക്ഷിക്കാൻ പ്രേരിപ്പിച്ചു' എന്നായിരുന്നു രാജൻ ആദ്യമായി പ്രതികരിച്ചത്. ഈ ടിക്കറ്റ് തന്റെ സുഹൃത്തുക്കളുമായി ചേർന്നാണ് വാങ്ങിയെതെന്നും അദ്ദേഹം അറിയിച്ചു.

'ശരിക്കും പറഞ്ഞാല്‍ സമ്മാനം നേടിയെന്ന് അറിയിച്ചുള്ള വിളി വന്നപ്പോള്‍ സന്തോഷവും അതിശയവും എന്നെ കീഴടക്കുകയായിരുന്നു. എന്റെ കൂട്ടുകാരും കുടുംബവും എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ചായിരുന്നു ആദ്യ ചിന്ത. ഇത് ഞങ്ങളെല്ലാവർക്കും ഒരു സ്വപ്‌ന സാക്ഷാത്കാരമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മാനത്തുക സുഹൃത്തുക്കള്‍ക്കിടയില്‍ തുല്യമായി പങ്കുവെക്കാനാണ് രാജന്റെ തീരുമാനം. 'എന്റെ വിഹിതത്തില്‍ നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും ആവശ്യമുള്ളവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. കുടുംബത്തിനായി ഒരു ചെറിയ ഭാഗം മാറ്റി വെക്കുകയും ചെയ്യും' അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നറുക്കെടുപ്പിലും ഇന്ത്യക്കാരനാണ് സമ്മാനം നേടിയത്. നവംബർ 3-ന് നടന്ന നറുക്കെടുപ്പില്‍, ബിഗ് ടിക്കറ്റ് അബുദാബി ജാക്ക്‌പോട്ടില്‍ 25 മില്യണ്‍ ദിർഹം നേടിയത് അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ ശരവണൻ വെങ്കിടാചലം ആയിരുന്നു.

 ഇന്നലെ ജാക്ക്‌പോട്ട് വിജയിയുടെ ടിക്കറ്റ് തിരഞ്ഞെടുക്കാൻ ശരവണനും ബിഗ് ടിക്കറ്റിന്റെ സെറ്റില്‍ എത്തിയിരുന്നു.

അതേ സമയം, ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ പരമ്പര തുടരുകയാണ്. ഇക്കഴിഞ്ഞ ബുധനാഴ്‌ച നടന്ന നറുക്കെടുപ്പില്‍ ബംഗ്ലാദേശില്‍ നിന്നുള്ള പ്രവാസിയായ മുഹമ്മദ് റൂബല്‍ സിദ്ദിഖ് അഹമ്മദ് (ടിക്കറ്റ് നമ്പർ: 020002) ഒരു മസെരാട്ടി ഗ്രെക്കെലെ കാർ സ്വന്തമാക്കിയിരുന്നു. അബുദാബിയില്‍ താമസിക്കുന്ന റൂബല്‍ നവംബർ 17നാണ് ടിക്കറ്റ് വാങ്ങിയത്.

വളരെ പുതിയ വളരെ പഴയ