ദുബൈ: നഗരത്തിന്റെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി നൂതന സാങ്കേതികവിദ്യയുമായി ദുബൈ മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകൾ ഉപയോഗിച്ചുള്ള പൈലറ്റ് പദ്ധതിക്ക് അധികൃതർ തുടക്കം കുറിച്ചു. നിയമലംഘകർക്ക് 500 ദിർഹം വരെ പിഴ ചുമത്താനാണ് തീരുമാനം.
നഗരസഭയുടെ മാലിന്യശേഖരണ വാഹനങ്ങളിലും മറ്റ് ഗതാഗത വാഹനങ്ങളിലുമാണ് നിലവിൽ ഈ സ്മാർട്ട് ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നത്. റോഡരികിലോ നടപ്പാതകളിലോ മാലിന്യം വലിച്ചെറിയുക, ഫർണിച്ചറുകൾ പോലുള്ള വലിയ അവശിഷ്ടങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുക തുടങ്ങിയ പ്രവൃത്തികൾ ഈ ക്യാമറകൾ തത്സമയം തിരിച്ചറിയും. ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ ഉടൻ തന്നെ ഡിജിറ്റൽ ഡാഷ്‌ബോർഡുകൾ വഴി ഫീൽഡ് ടീമുകൾക്ക് കൈമാറുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തുന്നതിനും സ്മാർട്ട് സിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ് ഈ നീക്കമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹ്‌മദ് ബിൻ ഗലീത്ത വ്യക്തമാക്കി. നഗരഭംഗി നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ അറിയിച്ചു.

