ദുബായ്: രജത ജൂബിലി നിറവില്‍ ദുബായ് മാരത്തണ്‍ ഞായറാഴ്ച. ഏകദേശം 20,000 ഓട്ടക്കാരുടെ റെക്കോർഡ് പങ്കാളിത്തം മാരത്തണിലുണ്ടാകും.
ഫുള്‍ മാരത്തണില്‍ ഏകദേശം 4,000 എലൈറ്റ് മത്സരാർഥികള്‍ പങ്കെടുക്കും. 10 കിലോ മീറ്റർ റേസിലും 4 കിലോ മീറ്റർ ഫണ്‍ റണ്ണിലുമായി 15,000 പേർ മത്സരിക്കും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പഴക്കമേറിയ അന്താരാഷ്ട്ര ഓട്ട മത്സരമാണ് ദുബായ് മാരത്തണ്‍.
മാരത്തണ്‍ എലൈറ്റ് രാവിലെ 5.45ന് ആരംഭിക്കും. മാരത്തണ്‍ മാസ്സസ് രാവിലെ 6.30 നും തുടങ്ങും. പത്ത് കിലോ മീറ്റർ റോഡ് റേസ് രാവിലെ എട്ട് മണിക്കും നാല് കിലോ മീറ്റർ ഫണ്‍ റണ്‍ രാവിലെ പത്തരക്കുമാണ് ആരംഭിക്കുക.
അല്‍ തരീം റോഡിലാണ് മാരത്തണിന്റെ തുടക്കം. അല്‍ സുഫൂഹില്‍ വെച്ച് 10 കിലോ മീറ്റർ- നാല് കിലോ മീറ്റർ റേസുകള്‍ ആരംഭിക്കും. എല്ലാ റേസുകളും അവസാനിക്കുക ഉമ്മു സുഖീം റോഡിന് സമീപമുള്ള ദുബായ് പൊലീസ് അക്കാദമിയിലായിരിക്കും.

