ജിദ്ദ: സൗദി അറേബ്യയിലെ അൽഹദീസ അതിർത്തി പോസ്റ്റിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഭക്ഷ്യവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2,69,411 ലഹരി ഗുളികകളാണ് സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) കണ്ടെടുത്തത്.
അതിർത്തി കടന്നെത്തിയ ചരക്ക് ലോറിയിൽ അത്യാധുനിക സുരക്ഷാ സാങ്കേതിക വിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്‌സ് കൺട്രോളുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ശേഖരം സ്വീകരിക്കാൻ എത്തിയ രണ്ട് പേരെ അധികൃതർ അറസ്റ്റ് ചെയ്തു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും യുവാക്കളുടെ ആരോഗ്യത്തിനും ഭീഷണിയാകുന്ന ഇത്തരം കടത്തുകൾക്കെതിരെ കർശന നടപടി തുടരുമെന്ന് അതോറിറ്റി വക്താവ് ഹമൂദ് അൽഹർബി അറിയിച്ചു.

