റിയാദ്: മദീനക്ക് സമീപം ശനിയാഴ്ച വൈകീട്ടുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ നാല് മലയാളികൾ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരണപ്പെട്ടത്.
മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശിക്കാനായി പുറപ്പെട്ട കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്തുവെച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മൂന്ന് കുട്ടികൾക്ക് പരിക്ക്
അപകടത്തിൽ സാരമായി പരിക്കേറ്റ ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരെ മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലും സൗദി ജർമൻ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സന്ദർശന വിസയിൽ എത്തിയതായിരുന്നു കുടുംബം. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ അടുത്തെത്തിയതായിരുന്നു ഭാര്യയും മക്കളും. ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് സൗദിയിലെത്തിയത്. മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു.

