അബുദാബി: ഗതാഗത തിരക്ക് കുറയ്ക്കുന്നതിന്റെയും പാർക്കിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ ഏരിയയിൽ പെയ്ഡ് പാർക്കിംഗ് (Paid Parking) സംവിധാനം ഏർപ്പെടുത്തുന്നു. അബൂദബിയിലെ ഗതാഗത നിയന്ത്രണ ഏജൻസിയായ 'ക്യു മൊബിലിറ്റി' (Q Mobility) ആണ് ഈ പുതിയ പരിഷ്കാരം അറിയിച്ചത്.
ജനുവരി 12 മുതല്‍ മുസഫയിലെ തിരഞ്ഞെടുത്ത സെക്ടറുകളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ക്യു മൊബിലിറ്റി (Q Mobility) അറിയിച്ചു.
മുസഫയിലെ പ്രധാന വാണിജ്യ-വ്യാവസായിക കേന്ദ്രങ്ങളായ M1, M2, M3, M4, M24 എന്നീ സെക്ടറുകളിലാണ് ആദ്യഘട്ടത്തില്‍ പെയ്ഡ് പാർക്കിംഗ് നടപ്പിലാക്കുന്നത്.
ആകെ 4,680 പാർക്കിംഗ് ഇടങ്ങളാണ് ഈ മേഖലകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ നിശ്ചിത എണ്ണം പാർക്കിംഗ് സ്ഥലങ്ങള്‍ നിശ്ചയദാർഢ്യമുള്ളവർക്കായി (People of Determination) പ്രത്യേകമായി മാറ്റി വെച്ചിട്ടുണ്ട്.
മുസഫയിലെ സാധാരണ പാർക്കിംഗിന് മണിക്കൂറിന് 2 ദിർഹമാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ പണമടയ്ക്കുന്നതിനായി വിവിധ ഡിജിറ്റല്‍ സംവിധാനങ്ങള്‍ അധികൃതർ ഒരുക്കിയിട്ടുണ്ട്.
'ഡാർബ്' (Darb), 'ടാം' (TAMM) എന്നീ സ്മാർട്ട് ആപ്ലിക്കേഷനുകള്‍ വഴിയോ എസ്‌എംഎസ് (SMS) സന്ദേശത്തിലൂടെയോ ഫീസ് അടയ്ക്കാം. കൂടാതെ, പാർക്കിംഗ് മേഖലകളില്‍ നേരിട്ട് പണമടയ്ക്കാൻ സാധിക്കുന്ന പേയ്മെന്റ് മെഷീനുകളും ലഭ്യമാണ്.
അബുദാബിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ മുസഫയില്‍ വാഹനങ്ങളുടെ അശാസ്ത്രീയമായ പാർക്കിംഗ് ഒഴിവാക്കാനും ഗതാഗത തടസ്സം കുറയ്ക്കാനുമാണ് ഈ നടപടി.
വാണിജ്യ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും എത്തുന്നവർക്ക് എളുപ്പത്തില്‍ പാർക്കിംഗ് ലഭ്യമാക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കും.
മുസഫയ്ക്ക് പുറമെ അബുദാബിയിലെ വിവിധ പ്രധാന മേഖലകളിലേക്കും പെയ്ഡ് പാർക്കിംഗ് സംവിധാനം നേരത്തെ തന്നെ വ്യാപിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം നവംബറില്‍ അല്‍ ഷഹാമ പ്രദേശങ്ങളില്‍ 3,704 പാർക്കിംഗ് ഇടങ്ങള്‍ പെയ്ഡ് ആക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഡിസംബർ പകുതിയോടെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ വാണിജ്യ മേഖലകളിലും പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവില്‍ വന്നിരുന്നു.
കൂടാതെ, 2025 ജൂലൈ മാസത്തില്‍ ഈസ്റ്റേണ്‍ മാംഗ്രോവ്സ്, ഡോള്‍ഫിൻ പാർക്ക്, അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റ്, അല്‍ ഖുറം പ്ലാസ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകള്‍ സജ്ജമാക്കിയിരുന്നു.
ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ (ITC) മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ പരിഷ്കാരങ്ങള്‍ എമിറേറ്റിലെ മൊത്തത്തിലുള്ള ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

