header-ad

സൗദിയിൽ ബിനാമി വേട്ട ശക്തം: 35,000 സ്ഥാപനങ്ങളിൽ പരിശോധന; 86 ലക്ഷം റിയാൽ പിഴ ചുമത്തി

 


ജിദ്ദ: സൗദി അറേബ്യയിൽ ബിനാമി ബിസിനസുകൾക്കെതിരെ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വൻ പരിശോധന. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 35,280 സ്ഥാപനങ്ങളിലാണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പരിശോധന നടത്തിയത്. ബിനാമി ഇടപാടുകൾ നടക്കുന്നുവെന്ന കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.

പരിശോധനയിൽ പ്രാഥമിക ഘട്ടത്തിൽ തന്നെ ബിനാമി ബിസിനസ് ആണെന്ന് കണ്ടെത്തിയ 1,017 സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ചു. പൊതുജനങ്ങളിൽ നിന്നും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുമായി 6,373 പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽ 724 കേസുകൾ വിശദമായ അന്വേഷണത്തിനും ശിക്ഷാ നടപടികൾക്കുമായി പ്രത്യേക സമിതിക്ക് കൈമാറി.

നിയമലംഘനം നടത്തിയ സ്ഥാപനങ്ങളിൽ നിന്നായി കഴിഞ്ഞ വർഷം മാത്രം ആകെ 86.9 ലക്ഷം റിയാലാണ് പിഴയായി ഈടാക്കിയത്. അതീവ ഗുരുതരമായ 47 കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം ആരംഭിച്ച ശേഷം ഇതുവരെ മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങളിൽ പരിശോധന പൂർത്തിയാക്കി. ഇതുവരെ ആകെ 6.82 കോടി റിയാലാണ് വിവിധ സ്ഥാപനങ്ങളിൽ നിന്നായി പിഴ ഈടാക്കിയതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.



വളരെ പുതിയ വളരെ പഴയ