header-ad

കുവൈത്തില്‍ മയക്കുമരുന്ന് കേസില്‍ വധശിക്ഷ ലഭിച്ച രണ്ട് ഇന്ത്യക്കാര്‍ മലയാളികളെന്ന് സൂചന


കുവൈത്ത് സിറ്റി: കുവൈത്തിൽ മാരകമായ മയക്കുമരുന്ന് കടത്തിയതിന് വധശിക്ഷ ലഭിച്ച രണ്ട് ഇന്ത്യക്കാരും പ്രവാസി മലയാളികളെന്ന് സൂചന.

കെയ്ഫാൻ, ഷുവൈഖ് പ്രദേശങ്ങളിൽ 14 കിലോഗ്രാം ഹെറോയിനും 8 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കൈവശം വച്ചതിന് പിടിയിലായതിനെ തുടർന്ന് കൗൺസിലർ ഖാലിദ് അൽതഹൗസിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് രണ്ട് ഇന്ത്യൻ പൗരന്മാരെ വധശിക്ഷയ്ക്ക് വിധിച്ചത്.

 നിയമ പരമായ കാരണത്താൽ പ്രതികളുടെ പേര് വിവരങ്ങൾ പുറത്തു വിടുന്നതിനു ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

എന്നാൽ കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും മറ്റൊരാൾ തൃശൂർ തൃപയാർ സ്വദേശിയും ആണെന്ന് റിപ്പോർട്ടുകളുള്ളതായി കുവൈത്തിലെ പ്രവാസികൾ സൂചിപ്പിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിനാണ് ഷുവൈഖിലെ താമസ കേന്ദ്രം, കൈഫാൻ എന്നിവിടങ്ങളിൽ നിന്ന് ഇവർ പിടിയിലായത്. 

14 കിലോഗ്രാം ശുദ്ധ ഹെറോയിൻ, 8 കിലോ ഗ്രാം മെത്താഫിറ്റാമിന് എന്നിവയ്ക്ക് പുറമെ രണ്ട് ഇലക്‌ട്രോണിക് അളവ് ഉപകരണങ്ങളും ഇവരിൽ നിന്ന് കുറ്റാന്വേഷണ വിഭാഗം പിടിച്ചെടുത്തിരുന്നു.

 കുവൈത്തിനുള്ളിൽ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് സൂക്ഷിച്ചവയായിരുന്നു ഇവയെന്നും കണ്ടെത്തുകയുണ്ടായി.

രാജ്യത്തിന് പുറത്തുള്ള അന്താരാഷ്ട്ര മയക്ക് മരുന്ന് ശൃംഖലയുടെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു പ്രതികൾ എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് പരമാവധി ശിക്ഷ തന്നെ ഇരുവർക്കും വിധിച്ചത്.

വളരെ പുതിയ വളരെ പഴയ