header-ad

ദുബായ് നഗരത്തിലൂടെ ഇനി ചുറ്റിയടിക്കാൻ ഡ്രൈവറില്ലാ ടാക്‌സി; മാര്‍ച്ച്‌ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും!


ദുബായ്: സാങ്കേതിക വിദ്യയുടെയും അത്ഭുതകരമായ മാറ്റങ്ങളുടെയും ഇടമാണ് ദുബായ് നഗരം. അതിനെ ഊട്ടിയുറപ്പിച്ചു കൊണ്ട് ഇപ്പോഴിതാ ഇവിടെ ഡ്രൈവറില്ലാ ടാക്‌സി വരികയാണ്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അല്‍ മക്തൂമിന്റെ നിർദ്ദേശപ്രകാരം, ഡ്രൈവറില്ലാ ടാക്‌സി സർവീസ് മാർച്ചില്‍ ആരംഭിക്കും. നൂറോളം ഡ്രൈവറില്ലാ ടാക്‌സികള്‍ ആയിരിക്കും മാർച്ച്‌ മുതല്‍ ദുബായ് നിരത്തുകളില്‍ കാണാൻ കഴിയുക.

ദുബായുടെ ഡ്രൈവറില്ലാ ടാക്‌സി ഗതാഗതത്തിലുള്ള വിശ്വാസം പ്രകടമാക്കി ഷെയ്ഖ് ഹംദാൻ ഫെബ്രുവരി അഞ്ചിന് ഡ്രൈവറില്ലാ വാഹനത്തില്‍ യാത്ര ചെയ്‌തിരുന്നു. കർശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ മദീനത്ത് ജുമൈറയിലെ വേള്‍ഡ് ഗവണ്‍മെന്റ്സ് സമ്മിറ്റ് 2026 വേദിയിലേക്കായിരുന്നു ആ യാത്ര. ഇത് ഭരണാധികാരികളുടെ ഇച്ഛാശക്തിയുടെ പ്രതീകമായി മാറി.

ദുബായുടെ ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ, യാത്രയുടെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു. ബൈദുവിന്റെ അപ്പോളോ ഗോ സെല്‍ഫ് ഡ്രൈവിംഗ് വാഹനത്തിലായിരുന്നു അദ്ദേഹം സഞ്ചരിച്ചത്.

 "ദുബായിലെ ഗതാഗതത്തിൻ്റെ ഭാവി സ്‌മാർട്ടും സുരക്ഷിതവും കാര്യക്ഷമവും എല്ലാവർക്കും പ്രാപ്യവുമാകും. ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന സുസ്ഥിര ഗതാഗതം ഞങ്ങള്‍ കെട്ടിപ്പടുക്കുകയാണ്' എന്നാണ് ഷെയ്ഖ് ഹംദാൻ പറഞ്ഞത്.

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി യുമായി സഹകരിച്ച്‌, പോണി.എഐ (pony.ai), ഊബർ (യൂബർ), ബൈദുവിന്റെ അപ്പോളോ ഗോ എന്നീ മൂന്ന് കമ്പനികള്‍ ദുബായില്‍ 100 ഡ്രൈവറില്ലാ ടാക്‌സികള്‍ പ്രവർത്തിപ്പിക്കും.

 അപ്പോളോ ഗോയുടെ സെല്‍ഫ് ഡ്രൈവിംഗ് സേവനം ചൈനയ്ക്ക് പുറത്ത് ആദ്യമായാണ്. വരും വർഷങ്ങളില്‍ തങ്ങളുടെ വാഹനനിര ആയിരത്തിലധികമായി വർധിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

അതിനൂതന ലൈഡാർ (ലിഡാർ), മള്‍ട്ടി-ബാൻഡ് റഡാറുകള്‍, നൂതന ക്യാമറകള്‍ ഉള്‍പ്പെടെ നാല്‍പ്പതിലധികം സെൻസറുകള്‍ ഈ വാഹനങ്ങളിലുണ്ട്.

 ചുറ്റുപാടുകളെ കൃത്യമായി മനസിലാക്കാനും, മാറുന്ന ട്രാഫിക് സാഹചര്യങ്ങളോട് പ്രതികരിക്കാനും, ഗതാഗത സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാനും ഇത് വാഹനത്തെ സഹായിക്കുന്നു.

സാങ്കേതിക വിദ്യ നൂതനം

റിയല്‍-ടൈം ഡാറ്റ, ഹൈ-ഡെഫനിഷൻ മാപ്പുകള്‍, ഡീപ് ലേണിംഗ് അല്‍ഗോരിതങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന സങ്കീർണ സോഫ്റ്റ്‌വെയർ ഇക്കോസിസ്‌റ്റമാണ് ഇതിനെ പിന്തുണയ്ക്കുന്നത്. ഇത് കവലകളുമായും കാല്‍നട യാത്രക്കാരുമായും മറ്റ് വാഹനങ്ങളുമായും സുഗമമായി ഇടപഴകാൻ വാഹനങ്ങളെ സഹായിക്കുന്നു. 

ആഗോള തലത്തില്‍ 15 കോടി കി.മീറ്ററിലധികം സുരക്ഷിത ഡ്രൈവിംഗും, ഒരു കോടിയിലധികം സ്വയംഭരണ യാത്രകളും ബൈദു അപ്പോളോ ഗോ വാഹനങ്ങള്‍ പൂർത്തിയാക്കിയിട്ടുണ്ട്.

വേള്‍ഡ് ഗവണ്‍മെന്റ്സ് ഉച്ചകോടി 2025-ലെ ചർച്ചകളെ തുടർന്നാണ് ആർടിഎയും ബൈദു അപ്പോളോ ഗോയും തമ്മിലുള്ള സഹകരണത്തിന് തുടക്കമായത്. 

പത്ത് മാസത്തിനുള്ളില്‍ ആസൂത്രണത്തില്‍ നിന്ന് പ്രവർത്തനത്തിലേക്ക് മാറിയ ഈ പങ്കാളിത്തം, ദുബായുടെ കാര്യക്ഷമമായ നിയന്ത്രണങ്ങളെയും മികച്ച അടിസ്ഥാന സൗകര്യങ്ങളെയും എടുത്തു കാണിക്കുന്നു.

മാത്രമല്ല ഈ തീരുമാനത്തിന്റെ ഭാഗമായി, ബൈദു അപ്പോളോ ഗോ ദുബായ് സയൻസ് പാർക്കില്‍ ചൈനയ്ക്ക് പുറത്തുള്ള ആദ്യ സ്വയംഭരണ വാഹന പ്രവർത്തന, നിയന്ത്രണ കേന്ദ്രം തുറന്നു.

 2000 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള ഈ കേന്ദ്രം ദൈനംദിന പ്രവർത്തനങ്ങള്‍, നിരീക്ഷണം, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകള്‍, അറ്റകുറ്റപ്പണികള്‍, സുരക്ഷാ പരിശോധനകള്‍ എന്നിവ കൈകാര്യം ചെയ്യുന്നു.

വരും വർഷങ്ങളില്‍ ദുബായിലെ സ്വയംഭരണ വാഹനനിര ആയിരത്തിലധികം വാഹനങ്ങളായി വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്. 

സ്‌മാർട്ട്, സുസ്ഥിര ഗതാഗത മേഖലയില്‍ മുന്നിട്ട് നില്‍ക്കാനുള്ള എമിറേറ്റിന്റെ ലക്ഷ്യത്തിന് ഇത് കൂടുതല്‍ ശക്തി നല്‍കുന്നു. അതുകൊണ്ട് തന്നെ ദുബായില്‍ ഇനി ഇത്തരം വാഹനങ്ങളാവും ടാക്‌സികളായി കൂടുതലായി ഭാവിയില്‍ കാണുക.

വളരെ പുതിയ വളരെ പഴയ