header-ad

യുഎഇയിൽ റമസാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; സർക്കാർ, സ്വകാര്യ മേഖലകളിൽ ഇളവ്


അബുദാബി: വിശുദ്ധ റമസാൻ മാസത്തിൽ യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തിസമയം കുറച്ചു കൊണ്ട് ഭരണകൂടം ഉത്തരവിറക്കി.

 ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR), മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം എന്നിവയാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്.

സർക്കാർ മേഖല:

ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും പ്രവൃത്തി സമയം.

 വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രം ഓഫിസുകൾ പ്രവർത്തിക്കും. കൂടാതെ, വെള്ളിയാഴ്ചകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (Work from Home) അനുവാദവും നൽകിയിട്ടുണ്ട്.

സ്വകാര്യ മേഖല:

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് സാധാരണ പ്രവൃത്തിസമയത്തിൽ നിന്ന് പ്രതിദിനം രണ്ട് മണിക്കൂർ ഇളവ് നൽകണമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) നിർദേശിച്ചു. 

സ്ഥാപനങ്ങളുടെ പ്രവർത്തന സ്വഭാവത്തിന് അനുസൃതമായി ഫ്ലെക്സിബിൾ വർക്ക് രീതിയോ വർക്ക് ഫ്രം ഹോം സംവിധാനമോ നടപ്പിലാക്കാൻ കമ്പനികൾക്ക് അനുവാദമുണ്ട്.

മുസ്ലീം, മുസ്ലീം ഇതര ജീവനക്കാർക്ക് ഒരുപോലെ ഈ സമയക്രമം ബാധകമായിരിക്കും. റമസാൻ മാസത്തിൽ ജോലി ഭാരം കുറയ്ക്കുന്നതിലൂടെ ജീവനക്കാർക്ക് പ്രാർത്ഥനകൾക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും കൂടുതൽ അവസരം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 

ഫെബ്രുവരി 18 അല്ലെങ്കിൽ 19-ന് റമസാൻ ആരംഭിക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.

വളരെ പുതിയ വളരെ പഴയ