യുഎസ്: കാലിഫോർണിയയില്‍ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സങ്കേത് ശ്രീനിവാസയ്യയെ (22) ആറ് ദിവസത്തിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തി.
ബെര്‍ക്ക്ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിലെ കെമിക്കല്‍ ആൻഡ് ബയോമോളിക്യുലർ എൻജിനീയറിങ് ബിരുദാനന്തര ബിരുദം വിദ്യാർത്ഥിയായ സങ്കേതിനെ ഫെബ്രുവരി 9 മുതലാണ് കാണാതായത്.
സാകേതിനെ കാണാനില്ലെന്ന വിവരം മറ്റ് വിദ്യാര്‍ത്ഥികളാണ് അറിയിച്ചത്. സുഹൃത്തിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് ലിങ്ക്ഡ് ഇനില്‍ പോസ്റ്റ് ചെയ്തതോടെയാണ് കാണാതായ വിവരം പുറത്ത് വരുന്നത്.
ലേക്ക് ആൻസ, ബെർക്കിലി ഹില്‍സ് തുടങ്ങിയ മേഖലകളില്‍ പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സങ്കേതിന്റെ വിയോഗം സ്ഥിരീകരിച്ച സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ്, കുടുംബത്തെ അനുശോചനം അറിയിക്കുകയും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. കര്‍ണാകട സ്വദേശിയാണ് സാകേത് ശ്രീനിവാസയ്യ.
ക്യാമ്പസില്‍ നിന്ന് കിലോ മീറ്ററുകള്‍ മാത്രം അകലെയുള്ള അന്‍സ തടാകത്തിന് സമീപമാണ് സങ്കേതിനെ അവസാനമായി കണ്ടത്. തിരച്ചിലിനിടയില്‍ സങ്കേതിന്റെ ലാപ്ടോപ്പും പാസ്‌പോർട്ടും അടങ്ങിയ ബാഗ് ടില്‍ഡൻ റീജിയണല്‍ പാർക്കിന് സമീപമുള്ള ഒരു വീടിന് മുന്നില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
2025 ൽ ഐഐടി മദ്രാസിൽ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദം നേടി. സങ്കേത്, ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തത്തിന് പേറ്റന്റ് നേടിയിരുന്നു.
പഠനത്തില്‍ അതീവ മികവ് പുലർത്തിയിരുന്ന സങ്കേതിന്റെ മരണം ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

