ഇസ്രായേല്‍-ഇറാൻ സംഘർഷങ്ങള്‍ തീർക്കുന്ന ആശങ്കയ്ക്കിടയിലും പ്രവാസി മലയാളിക്ക് ആശ്വാസമായി ബിഗ് ടിക്കറ്റ് വിജയം.
നറുക്കെടുപ്പില്‍ ഒന്നരക്കോടി ദിർഹമാണ് മലയാളിയായ വിബീഷ് പള്ളിയാലിയെ തേടിയെത്തിയത്. അതായത് ഇന്ത്യൻ തുക ഏകദേശം 37 കോടിയോളം രൂപ.
വിബീഷ് ഫെബ്രുവരി 28-ന് എടുത്ത 394150 എന്ന ടിക്കറ്റെടിനാണ് സമ്മാനം ലഭിച്ചത്. രണ്ട് ദശാബ്ദത്തോളമായി ഒരു ട്രാൻസ്പോർട്ട് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് വിബീഷ്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് താൻ ടിക്കറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
'ഞാൻ ഇന്ത്യയിലേക്ക് പോകുമ്പോള്‍ ഫെബ്രുവരി 7-ന് 1,000 ദിർഹമിന് ഒരു ടിക്കറ്റ് എടുത്തിരുന്നു. ഫെബ്രുവരി 28-ന് എന്റെ കസിനും രണ്ട് സുഹൃത്തുക്കളും എന്നെ വിളിച്ചു, മൂന്നാള്‍ക്കും ടിക്കറ്റ് എടുക്കാമെന്ന് പറഞ്ഞു. ഈ മാസം എന്റെ ബജറ്റ് കഴിഞ്ഞെന്ന് പറഞ്ഞിട്ടും അവർ എന്നെ നിർബന്ധിച്ചുകൊണ്ടേയിരുന്നു.
അങ്ങനെ സുഹൃത്തുക്കളെ നിരാശപ്പെടുത്താതിരിക്കാനായി ആ ടിക്കറ്റും വാങ്ങി. രാത്രി 8 മണിക്ക് ഓണ്‍ലൈനായിട്ടാണ് അത് വാങ്ങിയത്. ആ ടിക്കറ്റാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത്', വിബീഷ് പറഞ്ഞു.
അബുദാബിയില്‍ നിന്ന് ഷാർജയിലേക്ക് മടങ്ങുമ്പോഴാണ് എനിക്ക് ബിഗ് ടിക്കറ്റില്‍ നിന്നും കോള്‍ വരുന്നത്. ഞാൻ ഒരു സ്ഥിരം ഉപഭോക്താവായതു കൊണ്ട് കമ്പനിയില്‍ നിന്ന് സാധാരണ വിളി വരാറുണ്ട്.
പക്ഷേ, സാധാരണയായി മാസത്തിന്റെ പാതിയോ അവസാനമോ ആണ് ഓഫറുകളെക്കുറിച്ച് പറയാൻ വിളിക്കാറ്. മാസത്തിന്റെ തുടക്കത്തില്‍, അതും വൈകുന്നേരം എന്തിനാണ് വിളിക്കുന്നതെന്ന് ഞാൻ ആലോചിച്ചു.
സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോള്‍ ഏതാനും നിമിഷത്തേക്ക് സ്തഭ്തനായി പോയി'അദ്ദേഹം പറഞ്ഞു. പ്രാങ്ക് കോള്‍ ആണോ എന്ന് പോലും സംശയിച്ചു. പിന്നീട് ഭാര്യയെ വിളിച്ച് വിവരം അറിയിച്ചപ്പോള്‍, അവള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുകയും തന്റെ പേര് വെബ്സൈറ്റില്‍ വിജയിയായി ഉണ്ടെന്ന് പറയുകയും ചെയ്തു', വിബീഷ് പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി ഞാൻ എല്ലാ മാസവും ഈ ടിക്കറ്റ് മുടങ്ങാതെ വാങ്ങാറുണ്ടായിരുന്നു, ഒരു ഡ്രൈവർ എന്ന നിലയില്‍, പ്രതിമാസം 1,000 ദിർഹം ഇതിനായി മാറ്റി വെക്കുക വലിയ വെല്ലുവിളിയായിരുന്നു.
പലപ്പോഴും ആ പണം മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഭാര്യ രേഷ്മ പരാതിപ്പെടാറുണ്ടായിരുന്നു. ചില മാസങ്ങളില്‍ താൻ ടിക്കറ്റ് വാങ്ങിയ വിവരം അവളോട് പറയാറു പോലുമില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിക്കറ്റ് വാങ്ങിയിരുന്നെങ്കിലും, വിബീഷ് ഒരിക്കലും നറുക്കെടുപ്പ് നേരിട്ട് കാണുകയോ ഫലം അറിയാൻ വെബ്സൈറ്റ് പരിശോധിക്കുകയോ ചെയ്തിരുന്നില്ല.
"ടിക്കറ്റെടുക്കുന്നത് എനിക്കൊരു ജീവിത രീതി മാത്രമായിരുന്നു," അദ്ദേഹത്തിന്റെ വാക്കുകള്‍. 'സമ്മാനം നേടുന്നതിനെക്കുറിച്ചോ ആ പണം കൊണ്ട് എന്തു ചെയ്യണം എന്നതിനെക്കുറിച്ചോ ഞാൻ ശരിക്കും ചിന്തിച്ചിരുന്നില്ല.
ഒരു ദിവസം എന്തെങ്കിലുമൊന്ന് നേടണം എന്ന ഒരേയൊരു ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ - അത് 100,000 ദിർഹമിന്റെ സമ്മാനമാണെങ്കില്‍ പോലും', വിബീഷ് പറഞ്ഞു.
സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും തന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാൻ ഈ തുക സഹായിക്കുമെന്ന പ്രതീക്ഷ വിബീഷ് പങ്കു വെച്ചു.'കഴിഞ്ഞ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ഇനി നാട്ടില്‍ പോയി സ്ഥിരതാമസം ആക്കണം. ഇപ്പോള്‍ . അതുകൊണ്ട് ഈ പണം തീർച്ചയായും അതിന് സഹായിക്കും. ബാംഗ്ലൂരില്‍ ബി.ബി.എ. പഠിക്കുന്ന മകള്‍ വന്ദനയുടെ ഭാവിക്കായി കുറച്ച് പണം മാറ്റി വെക്കും.
ഷാർജ ഇന്ത്യൻ സ്കൂളില്‍ പഠനം പൂർത്തിയാക്കിയ മകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ബി.ബി.എ പഠിക്കുകയാണ്. അവളുടെ ഭാവി സുരക്ഷിതമാക്കണം', അദ്ദേഹം പറഞ്ഞു.
താൻ വിജയിച്ചുവെന്ന് ഇപ്പോഴും പൂർണ്ണമായി വിശ്വസിക്കാനായിട്ടില്ലെന്നും വിബീഷ് കൂട്ടിച്ചേർത്തു. ഇതൊരു യാഥാർത്ഥ്യമായി അംഗീകരിച്ച് വരുന്നതേയുള്ളൂ.കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എന്തുചെയ്യണമെന്ന് എനിക്കൊരു വ്യക്തമായ ധാരണ ലഭിക്കും, അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

