ടെഹ്‌റാൻ: ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ലാരിജാനിയും മകനും കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ലാരിജാനിക്കൊപ്പം ബാസിജ് ഫോഴ്‌സ് കമാൻഡർ ഘോലംറേസ സുലൈമാനിയും വധിക്കപ്പെട്ടതായാണ് വിവരം. ലാരിജാനി അഭിമാനകരമായ രക്തസാക്ഷിത്വം വരിച്ചുവെന്ന് ഇറാൻ സുപ്രീം സെക്യൂരിറ്റി കൗൺസിൽ പ്രതികരിച്ചു.
ഇറാൻ്റെ തന്ത്രപ്രധാനമായ നയരൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്നു അലി ലാരിജാനി. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി എന്ന നിലയിൽ യുദ്ധം, നയതന്ത്രം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളിൽ അദ്ദേഹം കൈക്കൊണ്ടിരുന്ന തീരുമാനങ്ങൾ ഇറാനിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. നിലവിൽ അമേരിക്കയും ഇസ്രയേലുമായി തുടരുന്ന സംഘർഷങ്ങളിലും ലാരിജാനി സജീവമായിരുന്നു. സുരക്ഷാ മേധാവിയുടെ വധത്തിന് കടുത്ത രീതിയിൽ പ്രതികാരം ചെയ്യുമെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകി.

