header-ad

അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി സൗദി സിവില്‍ ഡിഫൻസ്: തിങ്കളാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത


റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ബുധനാഴ്ച മുതല്‍ തിങ്കളാഴ്ച (മാർച്ച്‌ 23) വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവില്‍ ഡിഫൻസ് ജനറല്‍ ഡയറക്ടറേറ്റും അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങള്‍ കർശനമായി പിന്തുടരണമെന്നും അധികൃതർ പ്രത്യേകമായി ആവശ്യപ്പെട്ടു.

മക്ക പ്രവിശ്യയിലെ മക്ക നഗരം, ത്വാഇഫ്, അല്‍ കാമില്‍, ഖുലൈസ്, ബഹ്‌റ, അദം തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. എന്നാല്‍ ജിദ്ദ, റാബിഗ് എന്നിവിടങ്ങളില്‍ മിതമായ മഴയാണ് പ്രതീക്ഷിക്കുന്നത്. 

തലസ്ഥാന നഗരമായ റിയാദ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ ശക്തമായേക്കാം. വാദി അല്‍ ദവാസിർ, അല്‍ സുലൈല്‍ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കും അല്‍ ഖർജ്, ദവാദ്മി, മജ്മഅ തുടങ്ങിയ ഇടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. 

കൂടാതെ മദീന, അസീർ, ജിസാൻ, അല്‍ ബാഹ, തബൂക്ക്, ഹാഇല്‍, അല്‍ ഖസീം, കിഴക്കൻ പ്രവിശ്യ തുടങ്ങിയ രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും മിതമായതോ ശക്തമായതോ ആയ മഴയുണ്ടാകുമെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

കനത്ത കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷിതമായ ഇടങ്ങളില്‍ തന്നെ തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. 

ശക്തമായ കാറ്റും പൊടിപടലങ്ങളും കാരണം ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവർ യാത്രകള്‍ ഒഴിവാക്കുകയും അതീവ ശ്രദ്ധ പുലർത്തുകയും വേണം. 

താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്‌വരകളില്‍ നിന്നും വിട്ടുനില്‍ക്കാനും, മഴവെള്ളം കെട്ടിക്കിടക്കുന്ന അരുവികളിലോ താഴ്‌വരകളിലോ യാതൊരു കാരണവശാലും നീന്താൻ ശ്രമിക്കരുതെന്നും സിവില്‍ ഡിഫൻസ് കർശന നിർദ്ദേശം നല്‍കി. 

ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും നല്‍കുന്ന അറിയിപ്പുകള്‍ കൃത്യമായി പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ