header-ad

മദീനയില്‍ സ്പോണ്‍സറുടെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം


മദീന: സ്പോണ്‍സറുടെ പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി ഗാർഹിക തൊഴിലാളി. വാർത്തയുടെ ഞെട്ടലിലാണ് മദീനയിലെ പ്രവാസികളും സ്വദേശികളും.

മദീനയിലെ അസീസിയ ഡിസ്ട്രിക്ടില്‍ ഫിലിപ്പീൻസ് സ്വദേശിനിയായ വീട്ടുജോലിക്കാരിയാണ് സ്പോണ്‍സറുടെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുഞ്ഞിനെ വധിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ മദീന പൊലിസ് അറസ്റ്റ് ചെയ്തു.

വീട്ടുകാർ പുറത്തു പോയ തക്കം നോക്കിയായിരുന്നു വീട്ടിനുള്ളില്‍ ക്രൂരകൃത്യം അരങ്ങേറിയത്. രക്ഷിതാക്കള്‍ തിരികെ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയും പരുക്കേറ്റ നിലയില്‍ ജോലിക്കാരിയെയുമാണ് കണ്ടത്. കുഞ്ഞ് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. തുടർന്ന് ഉടൻ തന്നെ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ യുവതിയെ പോലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടാലുടൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് മദീന പൊലിസ് അറിയിച്ചു. 

കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച്‌ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനസികമായ അസ്വാഭാവികതയോ അതോ മറ്റെന്തെങ്കിലും തർക്കങ്ങളാണോ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത് എന്നത് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോള്‍ അവരുടെ പശ്ചാത്തലവും മാനസികാരോഗ്യവും കൃത്യമായി പരിശോധിക്കണമെന്ന് പൊലിസ് ജനങ്ങള്‍ക്ക് വീണ്ടും നിർദ്ദേശം നല്‍കി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മാറ്റിയിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ