header-ad

ഖത്തറിൽ ഇറാന്റെ മിസൈൽ ആക്രമണം: മലയാളിക്ക് പരിക്ക്; യുഎഇയിൽ അതീവ ജാഗ്രത, സ്കൂളുകൾക്ക് അവധി

 


ദോഹ: ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളെത്തുടർന്ന് ഖത്തറിൽ തൃശൂർ സ്വദേശിയായ മലയാളിക്ക് പരിക്കേറ്റു. ഇന്നലെയുണ്ടായ ആക്രമണത്തിൽ കാലിന് പരിക്കേറ്റ ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് പ്രവാസി സംഘടനകൾ അറിയിച്ചു. മേഖലയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

യുഎഇയിൽ കടുത്ത നിയന്ത്രണങ്ങൾ

മിസൈൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് വൻ സുരക്ഷാ മുൻകരുതലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 2 മുതൽ 4 വരെയുള്ള മൂന്ന് ദിവസങ്ങളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐസിഎസ്ഇ (ICSE), ഐഎസ്‌സി (ISC) പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്.

സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ 'വർക്ക് ഫ്രം ഹോം' (Work from Home) സംവിധാനം അനുവദിച്ചു. ദുബായ് ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎഇ

ഇറാന്റെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വച്ചാണ് ഇറാൻ ആക്രമണം തുടരുന്നത്. സാഹചര്യം വിലയിരുത്തി വരികയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഭരണകൂടം അറിയിച്ചു.





വളരെ പുതിയ വളരെ പഴയ