അബുദാബി: ഇറാനില്‍ നിന്നുള്ള വ്യോമാക്രമണങ്ങള്‍ ശക്തമായതോടെ സാധ്യമായ തസ്തികകളിലെല്ലാം റിമോട്ട് വർക്കിംഗ് അഥവാ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം കമ്പനികളോട് നിർദ്ദേശിച്ചു.
ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് മന്ത്രാലയത്തിന്റെ ഈ അറിയിപ്പ്.
2026 മാർച്ച് 1 ഞായറാഴ്ച മുതല്‍ മാർച്ച് 3 ചൊവ്വാഴ്ച വരെയുള്ള മൂന്ന് ദിവസത്തേക്കാണ് ഈ പ്രത്യേക നിർദ്ദേശം നല്‍കിയിരിക്കുന്നത്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പുറത്തിറങ്ങി ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാകുന്നുണ്ട്.
ഇത് ഒഴിവാക്കാനും യാത്രകള്‍ പരിമിതപ്പെടുത്താനുമാണ് യുഎഇ ശ്രമിക്കുന്നത്. ഓരോ എമിറേറ്റിലെയും അധികൃതർ നല്‍കുന്ന സുരക്ഷാ നിർദ്ദേശങ്ങള്‍ കമ്പനികള്‍ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
രണ്ട് ദിവസമായി തുടരുന്ന മിസൈലാക്രമണങ്ങളില്‍ മൂന്ന് വിദേശ പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്താൻ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് കൊല്ലപ്പെട്ടത്. 58 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇതില്‍ പല രാജ്യക്കാരുണ്ട്. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജീവനക്കാരെ ഓഫീസിലേക്ക് വിളിച്ചാല്‍ മതിയെന്നാണ് നിർദ്ദേശം. മറ്റുള്ളവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കണം.
ഗള്‍ഫിലെ ചൂട് കൂടിയ കാലാവസ്ഥയിലും മറ്റ് കാലാവസ്ഥാപരമായ അടിയന്തിര സാഹചര്യങ്ങളിലുമാണ് ഇത്തരം വർക്ക് ഫ്രം ഹോം തീരുമാനങ്ങളിലേക്ക് അധികൃതർ എത്താറുള്ളത്.
ഈ മൂന്ന് ദിവസത്തെ നിയന്ത്രണം താല്‍ക്കാലികമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സാഹചര്യത്തില്‍ എന്തെങ്കിലും അയവ് വരികയാണെങ്കില്‍ പിൻവലിക്കാനും, ആവശ്യമെങ്കില്‍ നീട്ടാനും സാധ്യതയുണ്ട്.
ഈ നിർദ്ദേശം നിർബന്ധപൂർവ്വമായ ഒരു ഉത്തരവല്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി കമ്പനികള്‍ ജീവനക്കാരുടെ നേരിട്ടുള്ള സാന്നിധ്യത്തിലൂടെയാണ് ഉല്‍പാദനക്ഷമത കണ്ടെത്തുന്നത്. ഇത്തരം കമ്പനികള്‍ മാറ്റമില്ലാതെ പ്രവർത്തിക്കും. ഒരു ശുപാർശ എന്ന നിലയിലാണ് ഇതിനെ കണക്കാക്കേണ്ടത്.
അതെ സമയം ജീവനക്കാർക്ക് ജോലിസ്ഥലം സംബന്ധിച്ചുള്ള നിബന്ധനകള്‍ക്ക് അയവ് നല്‍കാൻ സാധിക്കുന്ന കമ്പനികളില്‍ നിന്ന് അനുകൂലമായ പ്രതികരണം മന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ട്. ഈ നിർദ്ദേശങ്ങള്‍ അവഗണിക്കുന്നത് ജീവനക്കാരുടെ സുരക്ഷയെ ബാധിച്ചേക്കും.
ഇത് കമ്പനികള്‍ക്ക് വലിയ നിയമക്കുരുക്കുകള്‍ ഉണ്ടാക്കാൻ സാധ്യതയുണ്ട്. മിക്കവാറും പ്രമുഖ കമ്പനികളെല്ലാം തങ്ങളുടെ ജീവനക്കാർക്ക് ഇമെയില്‍ വഴി വർക്ക് ഫ്രം ഹോം അറിയിപ്പുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.
ഐടി, മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളില്‍ പ്രവർത്തിക്കുന്ന കമ്പനികള്‍ക്ക് ഈ നിർദ്ദേശം സുഗമമായി നടപ്പാക്കാവുന്നതാണ്.
എന്നാല്‍ നിർമ്മാണ മേഖല, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇത് അസാധ്യവുമാണ്. ജോലിക്കാർ നേരിട്ട് വരേണ്ട ആവശ്യകത അവിടങ്ങളിലുണ്ട്. യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്.
ദൂരസ്ഥലങ്ങളില്‍ നിന്ന് ഓഫീസുകളിലേക്ക് ബസിലും മറ്റും യാത്ര ചെയ്യുന്നവർക്ക് ഈ വർക്ക് ഫ്രം ഹോം തീരുമാനം വലിയ ആശ്വാസമായിരിക്കും.. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ പലരും യാത്രകള്‍ ഒഴിവാക്കി വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

