header-ad

നടപടി കടുപ്പിച്ച്‌ സൗദി അറേബ്യ; ഇറാനിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി


റിയാദ്: ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളില്‍ കടുത്ത നടപടിയുമായി സൗദി അറേബ്യ. റിയാദിലെ ഇറാനിയൻ മിലിട്ടറി അറ്റാഷെയും എംബസി ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സൗദി പുറത്താക്കി.

ഇറാനിയൻ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ തുടങ്ങി അഞ്ച് ഉദ്യോഗസ്ഥരോടാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാൻ സൗദി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഉത്തരവിട്ടത്. ഇറാൻ ഉദ്യോഗസ്ഥരെ 'പെർസോണ നോണ്‍ ഗ്രാറ്റ' ആയി പ്രഖ്യാപിച്ചാണ് പുറത്താക്കിയത്.

രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തുന്ന കടന്നു കയറ്റങ്ങള്‍ ഇനി വെച്ചു പൊറുപ്പിക്കില്ലെന്ന് സൗദി വ്യക്തമാക്കി. 

സൗദിയുടെ സിവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

2023-ല്‍ ചൈനയുടെ മധ്യസ്ഥതയില്‍ ഒപ്പുവച്ച ബീജിംഗ് കരാറിലെ വ്യവസ്ഥകളും 2026-ലെ യുഎൻ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയവും ഇറാൻ ലംഘിച്ചതായി സൗദി കുറ്റപ്പെടുത്തി. 

ഐക്യരാഷ്ട്ര സഭയുടെ ചാർട്ടറിലെ ആർട്ടിക്കിള്‍ 51 പ്രകാരം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി ആവർത്തിച്ചു.

അയല്‍ രാജ്യങ്ങളോടുള്ള മര്യാദ ഇറാൻ ലംഘിച്ചതായും സൗദി ആരോപിച്ചു. മാർച്ച്‌ ഒമ്പതിന് നല്‍കിയ മുന്നറിയിപ്പ് സൗദി വീണ്ടും ഓർമിപ്പിച്ചു. 

ആക്രമണങ്ങള്‍ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വളരെ പുതിയ വളരെ പഴയ