header-ad

ഇസ്‌ലാമാബാദില്‍ സമാധാന ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ കുവൈത്തില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം; നാഷണല്‍ ഗാര്‍ഡ് കേന്ദ്രത്തിന് കേടുപാട്


കുവൈത്ത് സിറ്റി: വെടിനിർത്തല്‍ നിലവില്‍ വന്നിട്ടും അയല്‍ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം അവസാനിപ്പിക്കാതെ ഇറാൻ.

കുവൈത്തിലെ അതീവ സുരക്ഷാ മേഖലയായ നാഷണല്‍ ഗാർഡ് സൈറ്റിനെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം നടന്നു. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ കെട്ടിടങ്ങള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി നാഷണല്‍ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറല്‍ ജദാൻ ഫാദല്‍ സ്ഥിരീകരിച്ചു.

ഒരു ശത്രു ഡ്രോണ്‍ താവളത്തിലേക്ക് കടന്നുകയറി ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ആക്രമണസമയത്ത് സൈനികർ സുരക്ഷിത സ്ഥാനങ്ങളിലായിരുന്നതിനാല്‍ ജീവഹാനിയോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സ്ഫോടനത്തിന് പിന്നാലെ എമർജൻസി സംഘങ്ങള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ നാഷണല്‍ ഗാർഡ് സജ്ജമാണെന്നും ജദാൻ ഫാദല്‍ പറഞ്ഞു.

ഇറാൻ-ഇറാഖ് അതിർത്തി പ്രദേശങ്ങളോട് ചേർന്ന ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത കാലത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ വർദ്ധിക്കുന്നതും ആശങ്ക ഉയർത്തുന്ന ഘടകമാണ്. ഇസ്‌ലാമാബാദില്‍ സമാധാന ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കുവൈത്തിന് നേരെ ഈ ആക്രമണം ഉണ്ടായത്.

വളരെ പുതിയ വളരെ പഴയ