ജിദ്ദ വിമാനത്താവളത്തിൽ നിന്നും സുഹൃത്തിനെ സ്വീകരിച്ച് മടങ്ങുകയായിരുന്ന മലയാളി യുവാവ് ത്വായിഫിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ രാമങ്കരി സ്വദേശി പുത്തൻപറമ്പിൽ ചിറ വീട്ടിൽ മോനിഷ് മോഹനൻ (35) ആണ് മരിച്ചത്. നാട്ടിൽ നിന്നെത്തിയ വയനാട് സ്വദേശി മുസ്തഫയെ മത്റക്കിൽ നിന്നും ഉശൈറയിലേക്കുള്ള യാത്രക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ ബംഗ്ലാദേശ് സ്വദേശിയുടെ കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ മോനിഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റ മുസ്തഫ ചികിത്സയിലാണെങ്കിലും നില മെച്ചപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വന്നിടിച്ച വാഹനത്തിലുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

