റിയാദ് സൗദി അറേബ്യൻ പൗരർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ സൗദിവൽക്കരണം ശക്തമാക്കി മാനവ വിഭവശേഷി മന്ത്രാലയം. മാർക്കറ്റിങ്, സെയിൽസ് പ്രൊഫഷനുകളിലെ സൗദിവൽക്കരണ നിരക്കുകൾ ഉയർത്തുന്നതിനുള്ള തീരുമാനം നിലവിൽ വന്നു.
സ്വകാര്യ മേഖലയിലെ മാർക്കറ്റിങ്, സെയിൽസ് പ്രൊഫഷനുകളിൽ മൂന്നോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങളിൽ സൗദിവൽക്കരണ നിരക്ക് 60 ശതമാനമായി ഉയർത്താനാണ് പുതിയ തീരുമാനം. സൗദി പുരുഷന്മാർക്കും സ്ത്രീകൾക്കും കൂടുതൽ മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം ഏപ്രിൽ 19 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
ഇതുകൂടാതെ ഈ മാസം ആദ്യം മുതൽ സ്വകാര്യ മേഖലയിലെ 69 തസ്തികകളിൽ സമ്പൂർണ്ണ സൗദിവൽക്കരണം നടപ്പിലാക്കിയിരുന്നു. സെക്രട്ടേറിയൽ ജോലി, ട്രാൻസ്ലേഷൻ, ഡേറ്റാ എൻട്രി, അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് തുടങ്ങിയ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു. ഒന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. നിശ്ചിത തസ്തികകളിൽ വിദേശികളെ നിയമിക്കുന്നത് തൊഴിൽ നിയമ ലംഘനമായി കണക്കാക്കും. നിയമലംഘനം നടത്തുന്നവർക്ക് പിഴയും മറ്റ് ശിക്ഷാ നടപടികളും ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ, തൊഴിലുകളുടെ വിശദാംശങ്ങൾ, നടപ്പാക്കൽ സംവിധാനങ്ങൾ എന്നിവ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

