അബുദാബി: ആഗോള എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് പിന്മാറുന്നതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രഖ്യാപിച്ചു (UAE Quits OPEC OPEC Plus). മെയ് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഇറാൻ യുദ്ധം ആഗോള ഊർജ്ജ വിപണിയെയും സാമ്പത്തിക വ്യവസ്ഥയെയും ഉലച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുഎഇയുടെ ഈ നിർണ്ണായക നീക്കം.
രാജ്യത്തിന്റെ ദീർഘകാല തന്ത്രപ്രധാനവും സാമ്പത്തികവുമായ മുൻഗണനകൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം (WAM) റിപ്പോർട്ട് ചെയ്തു. ആഭ്യന്തര ഊർജ്ജ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും ആഗോള വിപണിയിൽ കൂടുതൽ സ്വതന്ത്രമായ പങ്ക് വഹിക്കുന്നതിനുമാണ് യുഎഇ ലക്ഷ്യമിടുന്നത്. സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ വിഷയങ്ങളിൽ സൗദി അറേബ്യയും യുഎഇയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഈ പിന്മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുമായി ബന്ധപ്പെട്ട യെമൻ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്
ഒപെക് വിട്ടാലും ആഗോള ഊർജ്ജ വിപണിയിൽ ഉത്തരവാദിത്തമുള്ള പങ്കാളിത്തം തുടരുമെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. വിപണിയിലെ ആവശ്യകതയ്ക്ക് അനുസൃതമായി ഘട്ടം ഘട്ടമായി ഉല്പാദനം വർദ്ധിപ്പിക്കാനാണ് രാജ്യം ആലോചിക്കുന്നത്. ഊർജ്ജ സുരക്ഷയ്ക്കും വിശ്വസനീയമായ വിതരണത്തിനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ ഊർജ്ജ മന്ത്രി സുഹൈൽ അൽ മസ്റൂയി വ്യക്തമാക്കി.


