.
ഇസ്ലാമാബാദ്: സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കരാറിലെത്താതെ മടങ്ങുകയാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. നിര്‍ദേശങ്ങളില്‍ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തില്ല.
അമേരിക്കയുടെ നിബന്ധനകള്‍ പലതും അംഗീകരിക്കാന്‍ ഇറാന്‍ തയാറായില്ലെന്നും വാന്‍സ് പറയുന്നു. (JD Vance says he is heading back to US)
കരാറിലെത്താന്‍ ആകാത്തത് ഇറാനും അമേരിക്കയ്ക്കും മോശം വാര്‍ത്തയാണെന്നും വാന്‍സ്. മണിക്കൂറായി ഇറാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയാണെന്നും പാകിസ്താന്റെ മധ്യസ്ഥതയ്ക്ക് നന്ദി പറയുന്നുവെന്നും വാന്‍സ് പറഞ്ഞു. ചര്‍ച്ചയ്ക്കിടെ ആറോളം തവണ ട്രംപുമായി സംസാരിച്ചുവെന്നും വാന്‍സ് വ്യക്തമാക്കി.
കരാറിലെത്താന്‍ പരമാവധി ശ്രമിക്കണമെന്നാണ് ട്രംപ് പറഞ്ഞതെന്നും നിര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഇറാനില്‍ നിന്നും അമേരിക്കയ്ക്ക് ഉറപ്പ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്ക യുക്തി രഹിതമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുവെന്നും അടിക്കടി നിലപാട് മാറ്റുവെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതടക്കം നിരവധി തര്‍ക്ക വിഷയങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നും ഇറാന്‍ പറയുന്നു. മധ്യസ്ഥ രാജ്യമായ പാകിസ്താന്‍ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നുമാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സിയുടെ ഭാഗത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
യുദ്ധം വഴി നേടാന്‍ കഴിയാത്തതെല്ലാം അമേരിക്ക ചര്‍ച്ചകളിലൂടെ ആവശ്യപ്പെടുകയാണെന്നാണ് ഇറാന്‍ പറയുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തിലും സമാധാനപരമായ ആണവോര്‍ജത്തിന്റെ കാര്യത്തിലും മറ്റ് വിഷയങ്ങളിലും അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയാറല്ലെന്ന് ഇറാന്‍ വ്യക്തമാക്കി.
ഇറാനെതിരെയുള്ള സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകാന്‍ ബുദ്ധിമുട്ടെന്നാണ് അമേരിക്കയുടെ നിലപാട്.
ഇറാനുമായി ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അമേരിക്ക വിജയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. (Iran-US Ceasefire Talks Highlights).
ഹോര്‍മുസ് കടലിടുക്കില്‍ സംയുക്ത പട്രോളിങ്ങിനുള്ള സാധ്യത മധ്യസ്ഥ്യരാജ്യമായ പാകിസ്ഥാന്‍ മുന്നോട്ടുവച്ചതായി അല്‍ ജസീറ അറിയിച്ചു. ലെബനോണിലെ ആക്രമണങ്ങള്‍ അവസാനിക്കുന്ന കാര്യത്തിലും ഇറാന്റെ വിദേശ ആസ്തികളുടെ മരവിപ്പിക്കല്‍ പിന്‍വലിക്കുന്ന കാര്യത്തിലും പരിമിതമായ പുരോഗതി മാത്രമേ ചര്‍ച്ചകളിലുണ്ടായിട്ടുള്ളൂ.
ഇസ്ലാമാബാദ് ചര്‍ച്ച നടക്കവേ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്കന്‍ പടക്കപ്പല്‍ ശ്രമിച്ചെന്നും തിരികെ പോയില്ലെങ്കില്‍ 30 മിനിറ്റിനുള്ളില്‍ ആക്രമിക്കുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്കന്‍ പടക്കപ്പല്‍ തിരികെ പോയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

