മക്കയിലെ അസീസിയയിൽ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർ താമസിച്ച കെട്ടിടത്തിൽ നേരിട്ട ബുദ്ധിമുട്ടുകൾ ഇന്ത്യൻ ഹജ് മിഷൻ അടിയന്തരമായി ഇടപെട്ട് പരിഹരിച്ചു. കെട്ടിടത്തിൽ ഉണ്ടായ ചെറിയ പ്ലംബിംഗ് തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും, തീർത്ഥാടകരുടെ സൗകര്യാർത്ഥം ആവശ്യമായ എല്ലാ ബദൽ ക്രമീകരണങ്ങളും അപ്പോൾത്തന്നെ ഏർപ്പെടുത്തിയതായും ഹജ് മിഷൻ അറിയിച്ചു. എല്ലാ ഇന്ത്യൻ തീർത്ഥാടകരുടെയും സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും ക്ഷേമത്തിനുമാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മക്ക അസീസിയയിലെ അസഫ് അൽ ഖുറൈഷി ഹോസ്റ്റലിൽ താമസിച്ച ഇന്ത്യൻ തീർത്ഥാടകർ വലിയ ദുരിതത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത്. ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് ഇത് സംബന്ധിച്ച വീഡിയോ എക്സിൽ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഒരാളിൽനിന്ന് നാല് ലക്ഷത്തോളം രൂപ വാങ്ങിയിട്ടും മതിയായ സൗകര്യങ്ങൾ നൽകിയില്ല എന്നായിരുന്നു ആരോപണം.
ഒരു മുറിയിൽ 16 പേരെ വരെ താമസിപ്പിച്ചതായും, കെട്ടിടത്തിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായത് പ്രായമായവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും തീർത്ഥാടകർ പരാതിപ്പെട്ടിരുന്നു. ഇത്രയധികം ആളുകൾക്ക് ഉപയോഗിക്കാൻ ആകെ ഒരു വൃത്തിഹീനമായ ശുചിമുറി മാത്രമാണുണ്ടായിരുന്നതെന്നും, അവിടെനിന്നുള്ള മലിനജലം മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന അസഹനീയമായ അവസ്ഥയാണെന്നും കാണിച്ച് തീർത്ഥാടകർ രംഗത്തെത്തിയിരുന്നു.
പ്രശ്നം രൂക്ഷമായതോടെ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുകയും പ്ലംബിംഗ് തകരാറുകൾ പരിഹരിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തത്

