ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ആക്രമണം; പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ

 


തെഹ്‌റാൻ :പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസിൽ യുഎസ് ആക്രമണം നടന്നു. ഹോർമുസ് കടലിടുക്കിന് സമീപം മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാൻ സേനയുടെ ബോട്ടിനും റോക്കറ്റ് ലോഞ്ചിങ് കേന്ദ്രത്തിനും നേരെയാണ് ആക്രമണമുണ്ടായത്. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ആത്മരക്ഷാർഥമുള്ള നടപടിയാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തിൽ ആളപായമോ ആർക്കെങ്കിലും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമാണെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ, തങ്ങൾ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ ഉടൻ തന്നെ കൈമാറണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.

ഖത്തർ കേന്ദ്രീകരിച്ച് നിർണായകമായ സമാധാന ചർച്ചകൾ നടക്കുന്നതിനിടെയുണ്ടായ ഈ സൈനിക നീക്കം നയതന്ത്ര ശ്രമങ്ങളെ അട്ടിമറിക്കുമോ എന്ന ആശങ്ക ശക്തമാണ്. ഇറാൻ സ്പീക്കർ മുഹമ്മദ് ബഖീർ ഗാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരാണ് ഇറാനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുക്കുന്നത്.

ലബനാനിലേക്കും ഗസ്സയിലേക്കും വെടിനിർത്തൽ വ്യാപിപ്പിക്കണം എന്നതാണ് ഇറാൻ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. എന്നാൽ ഈ നിർദേശം അംഗീകരിക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷക്കായി ലബനാനിൽ ശക്തമായ ആക്രമണം തുടരേണ്ടത് അനിവാര്യമാണെന്നാണ് ഇസ്രായേലിന്റെ നിലപാട്.

അതേസമയം, യുഎസ് ഉന്നയിക്കുന്ന യുറേനിയം സമ്പുഷ്ടീകരണ വിഷയം ആദ്യഘട്ട ചർച്ചകളുടെ പരിധിയിൽ വരുന്നില്ലെന്നാണ് ഇറാൻ നേതാക്കളുടെ വാദം. യുദ്ധം പൂർണ്ണമായി നിർത്തിവെക്കുക, ഹോർമുസ് കടലിടുക്ക് തുറന്നുനൽകുക, യുഎസ് തടഞ്ഞുവെച്ചിരിക്കുന്ന തങ്ങളുടെ വിദേശ സ്വത്തുക്കൾ ഭാഗികമായെങ്കിലും വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങളിലാണ് ഇറാൻ നിലവിൽ ഊന്നൽ നൽകുന്നത്.


 


വളരെ പുതിയ വളരെ പഴയ