സൗദിയുടെ 'ലബ്ബൈത്തിം' സ്വന്തമാക്കി ഒമാൻ: തീര്‍ഥാടകര്‍ക്ക് മികച്ച സേവനം


മസ്കത്ത്: ഹജ്ജ് തീർഥാടകർക്ക് മികച്ചതും മാതൃകാപരവുമായ സേവനങ്ങള്‍ ലഭ്യമാക്കിയതിന് ഒമാൻ ഹജ്ജ് മിഷന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം.

സൗദി അറേബ്യൻ ഹജ്ജ്-ഉംറ മന്ത്രാലയം ഏർപ്പെടുത്തിയ പ്രശസ്തമായ "ലബൈത്തിം"എക്‌സലൻസ് സില്‍വർ പുരസ്കാരമാണ് ഒമാൻ സ്വന്തമാക്കിയത്. ഇസ്‌ലാമിക രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളുടെ വിഭാഗത്തിലാണ് ഒമാൻ ഈ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.

 തീർഥാടകർക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഹജ്ജ് മിഷനുകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സൗദി മന്ത്രാലയം ഈ പുരസ്കാരം നല്‍കി വരുന്നത്.

പ്രവർത്തനക്ഷമത, ഫീല്‍ഡ് സേവനങ്ങളുടെ ഉയർന്ന ഗുണനിലവാരം എന്നിവയില്‍ ഒമാൻ മികച്ച സ്കോർ നേടി. ഹജ്ജ് വേളയിലെ ജനക്കൂട്ട നിയന്ത്രണം, ആരോഗ്യ-സംഘടനാ ചട്ടങ്ങള്‍ കൃത്യമായി പാലിക്കല്‍ എന്നിവയില്‍ പുലർത്തിയ ജാഗ്രതയും വിലയിരുത്തപ്പെട്ടു.

 ഹാജിമാർക്കായി ഒരുക്കിയ മികച്ച മാർഗ നിർദേശ പ്രോഗ്രാമുകളും, തീർഥാടകരുടെ ഉയർന്ന സംതൃപ്തിയുമാണ് ഒമാനെ പ്രാദേശിക പുരസ്കാര ട്രാക്കില്‍ വെള്ളി മെഡലിന് അർഹമാക്കിയത്.

ഔദ്യോഗിക സംഘത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിജയമെന്ന് ഔഖാഫ്-മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയും ഒമാൻ ഹജ്ജ് മിഷൻ മേധാവിയുമായ അഹമ്മദ് ബിൻ സാലിഹ് അല്‍ റാഷിദി പറഞ്ഞു. 

ഒമാനി ഹാജിമാർക്ക് വരും വർഷങ്ങളില്‍ കൂടുതല്‍ സുഗമവും സുരക്ഷിതവുമായ ഹജ്ജ് അനുഭവം ഒരുക്കാൻ ഈ പുരസ്കാരം വലിയ പ്രചോദനമാണെന്നും കൂടുതല്‍ ഡിജിറ്റല്‍ പരിഷ്‌കരണങ്ങളിലേക്ക് മിഷൻ കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച ഏകോപനത്തിന് സൗദി ഹജ്ജ് മന്ത്രാലയത്തോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ