വാഷിംഗ്ടൺ: ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടന്ന നിർണായക യോഗം തീരുമാനമാകാതെ പിരിഞ്ഞു. വൈറ്റ് ഹൗസിൽ രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ധാരണയൊന്നും ആകാതെ ട്രംപ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഒരു കരാറിലേക്ക് ഇരുരാജ്യങ്ങളും അടുത്തെത്തിയെങ്കിലും, ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുന്നതുൾപ്പെടെയുള്ള സങ്കീർണമായ വിഷയങ്ങളിൽ ഇപ്പോഴും തർക്കം തുടരുകയാണെന്ന് മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥർ വ്യക്തമാക്കി. അമേരിക്കയ്ക്ക് ഗുണകരമാകുന്ന ഒരു കരാറിന് മാത്രമേ ട്രംപ് തയ്യാറാവുകയുള്ളൂവെന്നും ഇറാനെ ഒരിക്കലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.
തർക്കങ്ങൾ പരിഹരിച്ച് ഒരു അന്തിമ തീരുമാനത്തിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ചർച്ചയ്ക്ക് എത്തിയത്. എന്നാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇറാന്റെ ആണവ പദ്ധതിയുൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചകളെ പ്രതിസന്ധിയിലാക്കി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ, ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുമെന്നും യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുന്നതോടെ കപ്പൽ ഗതാഗതം പുനരാരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം കണ്ടെത്തി നശിപ്പിക്കുമെന്നും, ഫണ്ട് റിലീസ് ചെയ്യുന്ന കാര്യത്തിൽ കൂടുതൽ അറിയിപ്പുകൾ ഉണ്ടാകുന്നത് വരെ പണമിടപാടുകൾ ഒന്നും തന്നെ നടത്തില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുൻപ് മരവിപ്പിച്ച 12 ബില്യൺ ഡോളറിന്റെ ആസ്തികൾ ഉടനടി വിട്ടുനൽകണമെന്ന ഇറാന്റെ ആവശ്യത്തെ തള്ളിക്കൊണ്ടായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.
അമേരിക്കയുമായി നിലവിൽ യാതൊരുവിധ കരാറുകളും അന്തിമമാക്കിയിട്ടില്ലെന്നും ഇരുപക്ഷവും തമ്മിലുള്ള സന്ദേശ കൈമാറ്റം തുടരുക മാത്രമാണ് ചെയ്യുന്നതെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. നിലവിൽ യുദ്ധം അവസാനിപ്പിക്കുന്നതിനാണ് ഇറാൻ മുൻഗണന നൽകുന്നതെന്നും ആണവ പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ച് ഈ ഘട്ടത്തിൽ ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം ഔദ്യോഗിക ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
