ദോഹ: ഖത്തറില്‍ എൻട്രി വിസകള്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ അവസാനിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. വിസകള്‍ക്ക് താല്‍ക്കാലികമായി കാലാവധി നീട്ടി നല്‍കിയിരുന്ന നടപടിയാണ് നിർത്തലാക്കിയത്.
ജൂണ്‍ ഏഴു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് എൻട്രി വിസകള്‍ക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി കാലാവധി നീട്ടി നല്‍കിയിരുന്നത്.
മാർച്ച് മൂന്നു മുതലാണ് വിസാ കാലാവധി നീട്ടി നല്‍കുന്ന നടപടി മന്ത്രാലയം ആരംഭിച്ചത്. ഈ ആനുകൂല്യമാണ് നിർത്തലാക്കുന്നത്. രാജ്യത്ത് കാലാവധി കഴിഞ്ഞതോ അവസാനിക്കാറായതോ ആയ എല്ലാത്തരം എൻട്രി വിസകള്‍ക്കും നല്‍കിയിരുന്ന ഇളവുകള്‍ നിർത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി.
ഇതോടെ ജൂണ്‍ ഏഴു മുതല്‍ രാജ്യത്തെ എല്ലാ സന്ദർശക വിസകള്‍ക്കും മുമ്പത്തെ നിയമങ്ങള്‍ ബാധകമായിരിക്കും. വിസ കാലാവധി, പുതുക്കുന്നതിനുള്ള ഫീസുകള്‍ എന്നിവ പഴയതു പോലെ തുടരും.
രാജ്യത്തുള്ള എല്ലാ താമസക്കാരും സന്ദർശകരും വിസ സ്റ്റാറ്റസ് പരിശോധിക്കുകയും, പുതുക്കേണ്ടവർ പുതുക്കുകയും ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിയമപരമായ ലംഘനങ്ങളും പിഴകളും ഒഴിവാക്കാൻ എല്ലാവരും നിർദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
