ബെർലിൻ: യൂറോപ്യൻ രാജ്യങ്ങളില്‍ മേയ് മാസത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിക്കൊണ്ട് വൻ ഉഷ്ണ തരംഗം തുടരുന്നു.
പടിഞ്ഞാറൻ യൂറോപ്പിനെ വരിഞ്ഞു മുറുക്കിയ "ഹീറ്റ് ഡോം' പ്രമാണിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍ക്ക് സമാനമായ അത്യുഷ്ണമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതമാണിതെന്നും ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗമാണ് ഇതിന് കാരണമെന്നും ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ മേധാവി സൈമണ്‍ സ്റ്റീല്‍ മുന്നറിയിപ്പ് നല്‍കി.
കടുത്ത ചൂടിനെത്തുടർന്ന് യൂറോപ്പില്‍ പലയിടങ്ങളിലായി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൂടില്‍ നിന്ന് ആശ്വാസം തേടി ജലാശയങ്ങളില്‍ ഇറങ്ങിയവർ മുങ്ങിമരിച്ച സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ജർമനിയിലും മേയ് മാസത്തില്‍ സാധാരണയില്‍ കവിഞ്ഞ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 31 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ വാരാന്ത്യത്തില്‍ കടന്നിരുന്നു. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കടുത്ത ചൂട് മുന്നില്‍ക്കണ്ട് പ്രായമായവരും പൊതുജനങ്ങളും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ഉച്ചസമയങ്ങളില്‍ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മേയ് മാസത്തിലൂടെയാണ് ഫ്രാൻസ് കടന്നു പോകുന്നത്. തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ രാജ്യം റെക്കോർഡ് ചൂട് രേഖപ്പെടുത്തി. ചൂടുമായി ബന്ധപ്പെട്ട് ഫ്രാൻസില്‍ ഇതു വരെ ഏഴ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതില്‍ അഞ്ചും ചൂടില്‍ നിന്ന് രക്ഷപ്പെടാൻ പുഴകളിലും തടാകങ്ങളിലും ഇറങ്ങിയപ്പോള്‍ സംഭവിച്ച മുങ്ങി മരണങ്ങളാണ്. ബ്രിട്ടൻ യുകെയിലും മേയ് മാസത്തിലെ സർവകാല റിക്കാർഡുകളും തകർത്താണ് ചൂട് മുന്നേറുന്നത്.
കടുത്ത ചൂടില്‍ നിന്ന് രക്ഷതേടി വെള്ളത്തിലിറങ്ങിയ നാല് കൗമാരക്കാർ ഇംഗ്ലണ്ടില്‍ മുങ്ങി മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
അയർലൻഡ്: തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട അയർലൻഡിലും മേയ് മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.
ഇറ്റലി, സ്പെയിൻ, ഓസ്ട്രീയ: ഈ രാജ്യങ്ങളിലും സാധാരണ മേയ് മാസങ്ങളില്‍ അനുഭവപ്പെടാത്ത വിധം അത്യുഷ്ണമാണ് ജനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇത് ജനജീവിതത്തെയും ബിസിനസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര എയർ ക്വാളിറ്റി മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ എക്യുഐയുടെ കണക്കുകള്‍ പ്രകാരം, ബുധനാഴ്ച ഉച്ചയ്ക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ ആദ്യത്തെ 45 നഗരങ്ങളും ഇന്ത്യയിലാണ്.
ഈ നഗരങ്ങളിലെല്ലാം താപനില 43 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. ഇന്ത്യയില്‍ പലയിടങ്ങളിലും കാട്ടുതീ പടരുന്നതായും സൂര്യാഘാതം മൂലം മരണങ്ങള്‍ സംഭവിക്കുന്നതായും യുഎൻ കാലാവസ്ഥാ മേധാവി ചൂണ്ടിക്കാണിച്ചു.
"മനുഷ്യന്റെ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഈ ഉഷ്ണതരംഗങ്ങളെ ഇത്രയും കഠിനമാക്കുന്നത്.
മനുഷ്യ ജീവനുകളും സമ്പദ് വ്യവസ്ഥയും സംരക്ഷിക്കാൻ ഫോസില്‍ ഇന്ധനങ്ങളോടുള്ള (കല്‍ക്കരി, പെട്രോളിയം) അമിത പ്രിയം ലോകരാജ്യങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്' - യുഎൻ ക്ലെമറ്റ് ചീഫ് സൈമണ്‍ സ്റ്റീല്‍ പറഞ്ഞു.
