പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നൽകിയ സന്ദർശക വിസ ഇളവുകൾ ഖത്തർ അവസാനിപ്പിക്കുന്നു; ജൂൺ 7 മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ

 


ദോഹ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിവിധ തരം സന്ദർശന വിസകളിൽ ഖത്തറിൽ തുടരുന്നവർക്ക് നൽകിയിരുന്ന താൽക്കാലിക ഇളവുകൾ അവസാനിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കാലാവധി കഴിഞ്ഞതോ അവസാനിക്കാറായതോ ആയ എല്ലാത്തരം എൻട്രി വിസകൾക്കും കാലാവധി നീട്ടി നൽകുന്നത് ഉൾപ്പെടെയുള്ള ഇളവുകളാണ് അവസാനിക്കുന്നത്. വാർത്താക്കുറിപ്പിൽ ജൂൺ 20 എന്ന് ആദ്യം പരാമർശിക്കുന്നുണ്ടെങ്കിലും, ഇളവുകൾ പൂർണ്ണമായി അവസാനിക്കുന്നത് ജൂൺ 7 ഞായറാഴ്ച മുതലായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

പ്രവേശന വിസകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് 2026 മാർച്ച് 3 ന് പുറപ്പെടുവിച്ച മുൻ പ്രഖ്യാപനത്തിലെ എല്ലാ ഇളവുകളും ഇതോടെ റദ്ദാകും. ജൂൺ 7 മുതൽ എല്ലാത്തരം എൻട്രി വിസകൾക്കുമുള്ള നടപടിക്രമങ്ങൾ രാജ്യത്തെ അംഗീകൃത ചട്ടങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി പുനരാരംഭിക്കും. ഓരോ വിസ വിഭാഗത്തിനും നേരത്തെയുണ്ടായിരുന്ന പരമാവധി കാലാവധിയും അതിനായുള്ള നിർദ്ദിഷ്ട ഫീസുകളും ഈ തീയതി മുതൽ വീണ്ടും ബാധകമായിരിക്കും.

ഖത്തറിലുള്ള എല്ലാ താമസക്കാരും സന്ദർശകരും ബന്ധപ്പെട്ട മറ്റ് കക്ഷികളും തങ്ങളുടെ സന്ദർശക വിസയുടെ നിലവിലെ സ്ഥിതി കൃത്യമായി പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നിശ്ചിത കാലയളവിനുള്ളിൽ വിസകൾ പുതുക്കുകയും ആവശ്യമായ ഫീസ് അടയ്ക്കുകയും വേണം. വിസ കാലാവധി കഴിഞ്ഞവർ നിശ്ചിത സമയത്തിനകം രാജ്യം വിടണമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.


വളരെ പുതിയ വളരെ പഴയ