ഹോർമുസ് കടലിടുക്കിൽ ടോൾ പിരിച്ചാൽ ഒമാന് നേരെ സൈനിക നടപടിയും ഉപരോധവും ഉണ്ടാകുമെന്ന് ട്രംപിന്റെ ഭീഷണി

 


ദില്ലി: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ഒമാന് കടുത്ത ഉപരോധ ഭീഷണിയുമായി അമേരിക്ക. ഇറാനുമായി ചേർന്ന് തന്ത്രപ്രധാനമായ ഈ ജലപാതയിൽ ടോൾ പിരിക്കാൻ ഒമാൻ മുതിർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര ജലപാതയാണെന്നും അവിടെ യാത്രാസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നുമാണ് യുഎസിന്റെ നിലപാട്.

ടോൾ ഈടാക്കാനുള്ള നീക്കം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക, ഇതിന് ഒമാനെ സഹായിക്കുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ഇറാന്റെ ഇത്തരം നീക്കങ്ങൾ ലോകരാഷ്ട്രങ്ങൾ ഒന്നാകെ തള്ളിക്കളയണമെന്നാണ് അമേരിക്കയുടെ ആവശ്യം. വൈറ്റ് ഹൗസിൽ നടന്ന കാബിനറ്റ് യോഗത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒമാനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഒമാൻ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ സൈനിക നടപടി ഉൾപ്പെടെ നേരിടേണ്ടി വരുമെന്ന തരത്തിലുള്ള ട്രംപിന്റെ പരാമർശങ്ങൾ ഇതിനകം വലിയ നയതന്ത്ര വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാദേശിക തർക്കങ്ങളിലും പ്രതിസന്ധികളിലും കാലങ്ങളായി ഒരു വിശ്വസ്ത മധ്യസ്ഥനായി പ്രവർത്തിക്കുന്ന രാജ്യമാണ് ഒമാൻ. എന്നാൽ പുതിയ സാഹചര്യത്തിൽ ഒമാൻ ഇരുപക്ഷത്തിനും ഇടയിൽ കടുത്ത നയതന്ത്ര സമ്മർദ്ദത്തിലായിരിക്കുകയാണ്.


വളരെ പുതിയ വളരെ പഴയ