ഖത്തറിലെ ഉം ബാബ് റോഡിൽ അപകടങ്ങൾ വർധിക്കുന്നു; പാത വികസിപ്പിക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യം

 


ദോഹ: ദുഖാൻ സിറ്റിയെയും സൽവ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഉം ബാബ് റോഡിൽ വാഹനാപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ റോഡ് അടിയന്തരമായി വികസിപ്പിക്കണമെന്ന ആവശ്യവുമായി ഖത്തറിലെ സ്വദേശികളും താമസക്കാരും. കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗത്തുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് സഹോദരന്മാരും ഒരു അധ്യാപകനും മരിച്ചതിനെത്തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും ആവശ്യവും ശക്തമായത്.

പ്രദേശത്തെ ഫാക്ടറികളിലേക്കും ക്വാറികളിലേക്കും പോകുന്ന ഭാരമേറിയ ട്രക്കുകളും ട്രെയിലറുകളും കാരണം ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ട് നേരിടുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിലുള്ള ഒറ്റവരി പാത ഇടുങ്ങിയതാണെന്നും ഇത് കുറഞ്ഞത് മൂന്ന് വരികളായെങ്കിലും വീതി കൂട്ടണമെന്നും ലുൽവ ബിൻത് ജാസിം അൽ താനി ഉൾപ്പെടെയുള്ളവർ എക്സ് പ്ലാറ്റ്‌ഫോമിലൂടെ ആവശ്യപ്പെട്ടു. രാത്രികാല ഡ്രൈവിങ് സുഗമമാക്കാൻ തെളിച്ചമുള്ള റോഡ് അടയാളങ്ങൾ സ്ഥാപിക്കണമെന്നും റോഡ് വികസനത്തിന് ഉദ്യോഗസ്ഥർ മുൻഗണന നൽകുമെന്നാണ് പ്രതീക്ഷയെന്നും ജാസിം ബു അബ്ദുല്ലയും അഭിപ്രായപ്പെട്ടു. എന്നാൽ അമിതവേഗവും അശാസ്ത്രീയമായ ഡ്രൈവിംഗുമാണ് അപകടങ്ങൾ വർധിപ്പിക്കുന്നതെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി.

 

വളരെ പുതിയ വളരെ പഴയ