വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് കർശന നിയന്ത്രണം; പുതിയ നിർദേശങ്ങളുമായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി


 വിമാനയാത്രക്കാർ കൈവശം കരുതുന്ന പവർ ബാങ്കുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ നിയന്ത്രണം. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ പരിഷ്കാരം. ഇതുസംബന്ധിച്ച സർക്കുലർ രാജ്യത്തെ വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ എയർലൈനുകൾക്കും കൈമാറിയിട്ടുണ്ട്.

ലിഥിയം ബാറ്ററി ഉപകരണങ്ങൾ വിമാനത്തിനുള്ളിൽ സൃഷ്ടിച്ചേക്കാവുന്ന സുരക്ഷാ ഭീഷണി ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. നിയമങ്ങൾ ലംഘിക്കുന്ന വിമാനക്കമ്പനികളിൽ നിന്നും യാത്രക്കാരിൽ നിന്നും പിഴ ഈടാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ പുതിയ നിയമങ്ങൾ വിമാന ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ബാധകമായിരിക്കും.

പ്രധാന നിബന്ധനകൾ:

ഒരു യാത്രക്കാരന് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ വിമാനത്തിൽ കൊണ്ടുപോകാൻ അനുമതിയുള്ളൂ.

യാത്രാവേളയിൽ വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നത് പൂർണമായും നിരോധിച്ചു.

വിമാന യാത്രയിലുടനീളം മൊബൈലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാനും പാടില്ല.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പവർ ബാങ്കുകൾ ചെക്ക്-ഇൻ ലഗേജുകളിൽ വലിയ പെട്ടികളിൽ സൂക്ഷിക്കാൻ പാടില്ല.

പവർ ബാങ്കുകൾ വിമാന കാബിനിനുള്ളിൽ ഹാൻഡ് ലഗേജായി മാത്രമേ കൈവശം വെക്കാൻ അനുവാദമുള്ളൂ.

 

വളരെ പുതിയ വളരെ പഴയ