അബുദാബി: ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനും പ്രാദേശിക സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയുയർത്തുന്നതാണ് ഈ സംഭവമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സുപ്രധാന സമുദ്ര ഇടനാഴികളുടെ സുരക്ഷ തകർക്കാനും ആഗോള കപ്പൽ പാതകളെ അപകടത്തിലാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം നീക്കങ്ങളെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎഇ, ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാൻ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. രാജ്യാന്തര നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള ഇത്തരം അക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
