വാഷിങ്ടൺ: ഇറാനെതിരെ ഇന്ന് നടത്താനിരുന്ന സൈനിക ആക്രമണം അമേരിക്ക തൽക്കാലത്തേക്ക് മാറ്റിവെച്ചു. ഗൾഫ് രാജ്യങ്ങളുടെ ശക്തമായ അഭ്യർത്ഥനയും സമാധാന ചർച്ചകളിലെ പുരോഗതിയും കണക്കിലെടുത്താണ് നടപടിയെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്.
ഇറാനുമായി നിലവിൽ ഗൗരവമേറിയ ചർച്ചകൾ നടക്കുകയാണെന്നും അതിനാൽ സൈനിക നടപടി രണ്ട് മൂന്ന് ദിവസത്തേക്ക് നീട്ടിവെക്കണമെന്നും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ തന്നോട് നേരിട്ട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങൾക്കും പൂർണ്ണമായും സ്വീകാര്യമായ ഒരു സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന് ഈ ഗൾഫ് നേതാക്കൾ ഉറപ്പുനൽകിയതായും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന വ്യവസ്ഥ പുതിയ കരാറിലുണ്ടാകുമെന്നാണ് സൂചന. എന്നാൽ സമാധാന ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ ഏതു നിമിഷവും ഇറാനെതിരെ ശക്തമായ സൈനിക ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്താൻ്റെ മധ്യസ്ഥതയിലാണ് നിലവിൽ യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നത്.
