ബഹ്റൈനിലെ ഇറാൻ ആക്രമണം: നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം റദ്ദാക്കി

 


ബഹ്റൈൻ വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബഹ്റൈനിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാൻ തയാറെടുത്തിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് സർവീസ് മാറ്റിവെച്ചത്. വിമാനത്തിൽ പ്രവേശിച്ചിരുന്ന യാത്രക്കാരെ മുഴുവൻ തിരികെ ഇറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ബഹ്റൈനിലെ ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് വീണ്ടും വ്യോമാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ 2.30ഓടെ രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയതിന് പിന്നാലെയായിരുന്നു തുടർച്ചയായ ആക്രമണം. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെയും യുഎസ് സൈനിക താവളത്തെയും ലക്ഷ്യമിട്ട് എത്തിയ മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളും ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ആകാശത്തുവെച്ച് തന്നെ വിജയകരമായി പ്രതിരോധിച്ചു. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനവാസ മേഖലകളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആസൂത്രിത നീക്കങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്റൈൻ പ്രതിരോധ സേന വ്യക്തമാക്കി.

അതേസമയം കുവൈത്തിലും ഇന്ന് പുലർച്ചെ സമാനമായ രീതിയിൽ ഇറാന്റെ ആക്രമണമുണ്ടായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സുപ്രധാന സിവിലിയൻ കേന്ദ്രങ്ങളാണ് ഇവിടെ ലക്ഷ്യമിട്ടത്. വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഗൾഫ് മേഖലയിൽ ഉടലെടുത്ത അടിയന്തര സാഹചര്യം കണക്കിലെടുത്താണ് വിമാന സർവീസുകൾ നിയന്ത്രിച്ചിരിക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ