കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്കുണ്ടായ ഇറാൻ്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഇന്ത്യൻ സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. കുവൈത്തിലെ നയതന്ത്ര മിഷൻ ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായി.
പൂർണ്ണതോതിൽ നവീകരണം പൂർത്തിയാക്കി വിമാനത്താവളം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
വ്യോമാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം, രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിന് അനുയോജ്യമായ രീതിയിൽ തിരിച്ചടിക്കാൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും വ്യക്തമാക്കി. മേഖലയിൽ കടുത്ത ആശങ്ക പരത്തുന്നതാണ് ഈ പുതിയ നീക്കങ്ങൾ.
