ടെഹ്റാന്‍: ലോകത്തെ മുഴുവന്‍ വന്‍ ഭീതിയിലാഴ്ത്തി പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. ലോകരാജ്യങ്ങള്‍ മുന്‍കൈയെടുത്തു നടത്തിയ സമാധാന ചര്‍ച്ചകളെല്ലാം പൂര്‍ണ്ണമായും വഴിമുട്ടിയതോടെ ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള വമ്പന്‍ ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ ഔദ്യോഗികമായി പിന്മാറിയെന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇരുഭാഗത്തു നിന്നും അതിരൂക്ഷമായ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാനമായ ഖഷം ദ്വീപില്‍ അമേരിക്കന്‍ സൈന്യം വന്‍ ബോംബാക്രമണം നടത്തി. ഇതിന് തിരിച്ചടിയെന്നോണം കുവൈത്തിലും ബഹ്‌റൈനിലും ഇറാന്‍ മിസൈല്‍ മഴ പെയ്യിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ താവളമായ ഖഷം ദ്വീപില്‍ അതിശക്തമായ 'സ്വയം പ്രതിരോധ' ആക്രമണം നടത്തിയതായി യുഎസ് സൈന്യം ഔദ്യോഗികമായി അവകാശപ്പെട്ടു.
ആക്രമണത്തിന് പിന്നാലെ ഖഷം ദ്വീപില്‍ നിന്ന് കാതടപ്പിക്കുന്ന വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്റെ മെഹര്‍ വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മേഖല പൂര്‍ണ്ണമായും യുദ്ധഭീതിയിലാണ്.
അതേ സമയം, കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാന്‍ തൊടുത്തുവിട്ട ഒന്നിലധികം മാരക ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തങ്ങള്‍ ആകാശത്തു വെച്ച് തന്നെ വിജയകരമായി തകര്‍ത്തതായി യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് എക്‌സിലൂടെ വ്യക്തമാക്കി.
പ്രാദേശിക അയല്‍ രാജ്യങ്ങളെ ലക്ഷ്യം വെച്ച് ഇറാന്‍ നിരവധി മിസൈലുകള്‍ വിക്ഷേപിച്ചെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ഇറാന് സാധിച്ചില്ലെന്നാണ് അമേരിക്കയുടെ വാദം. ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബഹ്‌റൈനിലും കുവൈറ്റിലും യുദ്ധ സൈറണുകള്‍ മുഴങ്ങിയതായി അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്യുന്നു.
ലെബനാന്‍ യുദ്ധത്തില്‍ നിന്ന് ഇസ്രായേലിനെ അമേരിക്ക പിടിച്ചു മാറ്റിയില്ലെങ്കില്‍ തങ്ങള്‍ ഇനി ഒരു സമാധാന ചര്‍ച്ചയ്ക്കുമില്ലെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങുന്ന വിവരം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിചിത്രമായ പ്രതികരണം. ഇസ്രായേല്‍-ലെബനാന്‍ സമാധാന ചര്‍ച്ചകള്‍ പശ്ചാത്തലത്തില്‍ നടക്കുമ്പോഴും ഇസ്രായേല്‍ ഒട്ടും വിട്ടുവീഴ്ചയില്ലാതെ ആക്രമണം തുടരുകയാണ്.
വാഷിങ്ടണില്‍ യുഎസ് മധ്യസ്ഥതയില്‍ ലെബനാന്‍-ഇസ്രായേല്‍ നാലാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച തുടങ്ങിയ ചൊവ്വാഴ്ചയും ദക്ഷിണ ലെബനാനിലെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ അതിരൂക്ഷമായ ബോംബാക്രമണമാണ് അഴിച്ചു വിട്ടത്.
ഇതോടെ, 96 ദിവസം പിന്നിട്ട ഈ ചോരക്കളി അവസാനിപ്പിക്കാനാവാതെ രാജ്യത്തിനകത്തും പുറത്തും ട്രംപ് വലിയ രീതിയിലുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കയാണ്.
സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങുന്നതായി ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം സംയമനം ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു.
വെടിനിര്‍ത്തല്‍ ഉടനുണ്ടാകുമെന്ന് ട്രംപ് വീമ്പ് പറഞ്ഞെങ്കിലും ഇസ്രായേല്‍ സൈന്യം അതൊന്നും വകവെക്കാതെ കൂടുതല്‍ മേഖലകളിലേക്ക് യുദ്ധം വ്യാപിപ്പിക്കുകയായിരുന്നു.
ഇതേച്ചൊല്ലി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ട്രംപ് കടുത്ത ഭാഷയില്‍ കുപിതനായതായാണ് വിവരം. സംസാരത്തിനിടയില്‍ നെതന്യാഹുവിനെ ട്രംപ് 'ഭ്രാന്തന്‍' എന്ന് വരെ വിശേഷിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
എന്നാല്‍, ആക്രമണം അവസാനിപ്പിക്കുമെന്ന് നെതന്യാഹു തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഹിസ്ബുല്ല വെടിനിര്‍ത്തലിന് തയ്യാറായെന്നുമാണ് ട്രംപ് പുറത്ത് മാധ്യമങ്ങളോട് വിശദീകരിക്കുന്നത്.
