ദോഹ: പുതുയുഗ കേരളം: പ്രവാസികൾക്കും പറയാനുണ്ട് എന്ന കാമ്പയിന്റെ ഭാഗമായി പ്രവാസി വെൽഫെയർ ഫോറം ഖത്തറിലെ പ്രവാസി സാമൂഹിക പ്രവർത്തകരുടെ സംഗമം സംഘടിപ്പിച്ചു. കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും പുരോഗതിക്കും നിർണായക സംഭാവനകൾ നൽകുന്ന പ്രവാസികളുടെ അവകാശങ്ങളും ആവശ്യങ്ങളും ക്രോഡീകരിച്ച് ഒരു ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സംഗമം നടത്തിയത്.
അന്യദേശങ്ങളിൽ പ്രവാസികൾ നടത്തുന്ന വലിയ ത്യാഗങ്ങളാണ് കേരളത്തിന്റെ വളർച്ചയ്ക്ക് അടിത്തറയെങ്കിലും അവർക്ക് ലഭിക്കേണ്ട അംഗീകാരവും അവകാശ സംരക്ഷണവും ഇന്നും അപൂർണ്ണമാണെന്ന് യോഗം വിലയിരുത്തി. പ്രവാസി പ്രശ്നങ്ങളെ കേവലം വിമാനയാത്രാ നിരക്ക് വർദ്ധനവിലോ പ്രവാസി വോട്ടിലോ മാത്രം ഒതുക്കുന്നതിലൂടെ പ്രവാസികളുടെ മറ്റ് അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കപ്പെടുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന കാലയളവിൽ ഔദ്യോഗിക രേഖകൾ ശേഖരിക്കാനോ സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനോ നിലവിൽ ഫലപ്രദമായ സംവിധാനങ്ങളില്ല. നാട്ടിലോ വിദേശത്തോ ഫാസ്റ്റ് ട്രാക്ക് നടപടികളോ ഏകജാലക സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ചെറിയ കാര്യങ്ങൾക്ക് പോലും പ്രവാസികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പ്രവാസി വിദ്യാർത്ഥികളുടെ ഉപരിപഠന പ്രതിസന്ധികൾ, വിദേശത്ത് കേസുകളിൽ അകപ്പെടുന്നവർക്ക് ലഭിക്കേണ്ട നിയമസഹായത്തിന്റെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളും അതിനുള്ള ബദൽ നിർദ്ദേശങ്ങളും ചർച്ചയിൽ വിശദമായി വിശകലനം ചെയ്തു.
പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അഹമ്മദ് ഷാഫി സ്വാഗതം ആശംസിച്ചു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായ അഡ്വ. ജാഫർഖാൻ, ഫൈസൽ ഹുദവി, നിഹാദ് അലി, അഡ്വ. മഞ്ജുഷ, സാബു ജോർജ്, അർഷദ് ഇ, പ്രദോഷ്, സിദ്ദീഹ, ഷൈനി കബീർ, സുബൈർ പണ്ടവത്ത്, യുനീഖ് ലിൻസൺ, വർഗ്ഗീസ് വർഗ്ഗീസ്, സമീൽ ചാലിയം, സുനിൽ പെരുമ്പാവൂർ, യാസർ അറഫാത്ത്, ഗഫൂർ കാലിക്കറ്റ്, ലിജി അബ്ദുള്ള, അബൂസ് പട്ടാമ്പി, ഷബീർ കൊണ്ടോട്ടി, വാസു വാണിമേൽ, അഡ്വ. സക്കരിയ്യ, ഷഫീഖ്, സുഹൈൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
