ദുബായ്: വേനൽക്കാലത്ത് നഗരത്തെ ഉത്സവലഹരിയിലാക്കുന്ന ദുബായുടെ ഏറ്റവും വലിയ സമ്മർ ഫെസ്റ്റിവലായ ദുബായ് സമ്മർ സർപ്രൈസസ് (ഡിഎസ്എസ് 2026) ജൂലൈ രണ്ട് മുതൽ ഓഗസ്റ്റ് 30 വരെ നടക്കും. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎഫ്ആർഇ) സംഘടിപ്പിക്കുന്ന ഈ മേളയുടെ 29-ാമത് പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. മേക് ഇറ്റ് എ ദുബായ് സമ്മർ എന്ന പ്രമേയത്തിൽ 60 ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ വിപുലമായ ഷോപ്പിങ് ഓഫറുകൾ, കലാപരിപാടികൾ, തത്സമയ കൺസേർട്ടുകൾ, കുട്ടികൾക്കായുള്ള വിനോദങ്ങൾ, സ്റ്റേക്കേഷൻ പാക്കേജുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
സംഗീത പരിപാടികളും കോമഡി നാടകവും:
ജൂലൈ രണ്ട് മുതൽ അഞ്ച് വരെയുള്ള ഉദ്ഘാടന വാരത്തിൽ നഗരത്തിലെ പ്രമുഖ മാളുകളിലെല്ലാം പ്രശസ്ത താരങ്ങളുടെ തത്സമയ സംഗീതപരിപാടികൾ അരങ്ങേറും. ദുബായ് ഹിൽസ് മാളിൽ യുഎഇ ഗായകരായ സൈഫ് അൽ അലി (ജൂലൈ 3), അർഖം അൽ അബ്രി (ജൂലൈ 4) എന്നിവരുടെ സൗജന്യ കൺസേർട്ടുകൾ ഉണ്ടായിരിക്കും. മിർദിഫ് സിറ്റി സെന്ററിൽ ഇറാഖി പോപ്പ് ഗായിക റഹ്മ റിയാദ്, നാസിഫ് സെയ്തൂൺ എന്നിവരും മാൾ ഓഫ് ദി എമിറേറ്റ്സിൽ മുഹമ്മദ് അൽ ബക്രിയും സംഗീതവിരുന്നൊരുക്കും. ജാഫ്സ വണ്ണിൽ കുട്ടികൾക്കായി സ്പേസ്ടൂൺ കൺസേർട്ടും ദുബായ് ഓപ്പറയിൽ കുവൈത്തി കോമഡി നാടകവും അരങ്ങേറും.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ജൂലൈ 3 മുതൽ ഓഗസ്റ്റ് 23 വരെ നടക്കുന്ന മൊദേഷ് വേൾഡ് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യമാർന്ന വിനോദങ്ങൾ സമ്മാനിക്കും. ഇതിനൊപ്പം മൊദേഷ് സ്‌കോളർഷിപ്പ് പദ്ധതിയിലൂടെ 20,000 ദിർഹം മൂല്യമുള്ള 10 സ്കോളർഷിപ്പുകൾ നേടാനുള്ള അവസരവും വിദ്യാർത്ഥികൾക്കുണ്ട്.
പുതിയ ആകർഷണങ്ങളും വമ്പൻ സമ്മാനങ്ങളും:
ലക്ഷ്വറി പോപ്പ്-അപ്പുകളും ബ്രാൻഡ് പ്രിവ്യൂകളും ഉൾപ്പെടുന്ന ഡിഎസ്എസ് ലക്സ് എഡിഷൻ, ഓഗസ്റ്റ് 7-8 തീയതികളിൽ നടക്കുന്ന ബാക്ക്-ടു-സ്കൂൾ കാർണിവൽ, പെർഫോമിങ് ആർട്സ് ഫെസ്റ്റ് എന്നിവയാണ് ഈ വർഷത്തെ പുതിയ ആകർഷണങ്ങൾ. ഇതിൽ ഏറ്റവും ആകർഷകം ഷോപ്പർമാർക്കായി ഒരുക്കിയിരിക്കുന്ന വിൻ യുവർ ഹോം ഇൻ ദുബായ് ക്യാംപെയിനാണ്. പ്രമുഖ ഡെവലപർമാരായ ബിൻഘാട്ടിയിൽ നിന്നുള്ള രണ്ട് ബെഡ്റൂം അപാർട്ട്മെന്റ് ഉൾപ്പെടെ 12 ഫ്ലാറ്റുകളാണ് ഭാഗ്യശാലികൾക്ക് സമ്മാനമായി ലഭിക്കുക.
90 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്ന ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ, സ്വർണം, ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപന്നങ്ങൾ എന്നിവയ്ക്കായുള്ള പ്രത്യേക ഫ്ലാഷ് സെയിൽ വീക്കെൻഡുകൾ എന്നിവ ഷോപ്പിങ് പ്രേമികളെ ആകർഷിക്കും. ഇതുകൂടാതെ, 300 ദിർഹത്തിന് മുകളിൽ ഷോപ്പിങ് നടത്തുന്നവർക്ക് പ്രതിദിന സമ്മാനങ്ങൾ നൽകുന്ന ലക്കി റെസീപ്റ്റ് പ്രൊമോഷൻ, മൂന്ന് കിലോഗ്രാം സ്വർണം സമ്മാനം നൽകുന്ന സിറ്റി ഓഫ് ഗോൾഡ് ക്യാംപെയിൻ, ക്യാഷ് പ്രൈസുകളും കാറുകളും നേടാനുള്ള മെഗാ റാഫിളുകളും ഡിഎസ്എസിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
10 ദിർഹത്തിന് ഇഷ്ടവിഭവങ്ങളും ബിഗ് കൺസേർട്ടുകളും:
രുചി വൈവിധ്യങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ജൂലൈ 13 മുതൽ ഓഗസ്റ്റ് രണ്ട് വരെ സമ്മർ റസ്റ്ററന്റ് വീക്ക് നടക്കും. ഇതിനുപിന്നാലെ ഓഗസ്റ്റ് 3 മുതൽ 30 വരെ നടക്കുന്ന 10 ദിർഹം ഡിഷ് പ്രൊമോഷനിലൂടെ ദുബായിലെ പ്രമുഖ റസ്റ്ററന്റുകളിലെ പ്രധാന വിഭവങ്ങൾ വെറും 10 ദിർഹത്തിന് ആസ്വദിക്കാൻ അവസരമുണ്ടാകും.
വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ബീറ്റ് ദി ഹീറ്റ് കൺസേർട്ട് പരമ്പരയിൽ വിവിധ ജനപ്രിയ ബാൻഡുകളും കൈറോക്കി, അൽ ശാമി ഉൾപ്പെടെയുള്ള പ്രമുഖ അറബിക് ഗായകരും അണിനിരക്കും. ഓഗസ്റ്റ് 29-ന് കൊക്കകോള അരീനയിൽ കുവൈത്തിലെ പ്രശസ്തമായ മിയാമി ബാൻഡ് അവതരിപ്പിക്കുന്ന മെഗാ ഷോയും എമിറേറ്റ്സ് തിയേറ്ററിൽ അതുൽ ഖത്രിയുടെ സ്റ്റാൻഡ്-അപ് കോമഡിയും അരങ്ങേറും. നൂറോളം ഹോട്ടലുകളിൽ കുടുംബങ്ങൾക്കായി പ്രത്യേക സ്റ്റേക്കേഷൻ ഓഫറുകളും ലഭ്യമാണ്.
