ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ: ഫാൽക്കൺ മാർക്കറ്റും എഐ പാർക്കുകളുമായി ദുബായ് നഗരം മാറുന്നു

 


ദുബായ്: ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നഗരസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി ദുബായ് മുനിസിപ്പാലിറ്റിയുടെ വിപുലമായ പുതിയ വികസന പദ്ധതികൾക്കും സംരംഭങ്ങൾക്കും ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അനുമതി നൽകി.

മേഖലയിലെ ആദ്യത്തെ സംയോജിത ഫാൽക്കൺ മാർക്കറ്റ്, ദുബായ് ക്രീക്ക് ലൈറ്റിങ് പ്രൊജക്റ്റ്, നിർമിതബുദ്ധി (എഐ) അധിഷ്ഠിത പാർക്ക് ഡിസൈൻ ചലഞ്ച് തുടങ്ങിയ നൂതന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ജനങ്ങളെയും അവരുടെ ജീവിതസന്തോഷത്തെയും മുൻനിർത്തി, സുസ്ഥിരതയും ആധുനിക സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയാണ് ഭാവി ദുബായ് നഗരത്തെ രൂപകൽപ്പന ചെയ്യുന്നതെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

യുഎഇ പാരമ്പര്യം തൊട്ടറിയാൻ ദുബായ് ഫാൽക്കൺ മാർക്കറ്റ്:

മേഖലയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സവിശേഷമായ വിപണിയായിരിക്കും ദുബായ് ഫാൽക്കൺ മാർക്കറ്റ്. യുഎഇയുടെ പാരമ്പര്യത്തിലും സാംസ്കാരിക പൈതൃകത്തിലും ഫാൽക്കണുകൾക്കുള്ള (പ്രാപ്പിടിയൻ) പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന. ദുബായിലെ ഗ്രാമീണ, മരുഭൂമി പ്രദേശങ്ങളെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനുള്ള തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. ഫാൽക്കണിന്റെ ചിറകുകളുടെ ആകൃതിയിൽ നിർമിക്കുന്ന ഈ വിപണിയിൽ പക്ഷികളുടെ വിൽപനയ്ക്കുള്ള പ്രത്യേക ഔട്ട്‌ലെറ്റുകൾ, അനുബന്ധ സാമഗ്രികൾ വിൽക്കുന്ന കടകൾ, സാംസ്കാരിക പരിപാടികൾക്കുള്ള വേദികൾ, അത്യാധുനിക സൗകര്യങ്ങളുള്ള മൃഗാശുപത്രി എന്നിവ ഉണ്ടായിരിക്കും. ഏകദേശം 50,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുങ്ങുന്ന ഈ പദ്ധതിക്ക് 50 ദശലക്ഷം ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ദുബായ് ക്രീക്കിന് രാത്രിയിൽ പുതിയ മുഖം:

ചരിത്രപ്രസിദ്ധമായ ദുബായ് ക്രീക്കിന്റെ പൈതൃക ഭംഗി നിലനിർത്തിക്കൊണ്ട് രാത്രികാലങ്ങളിൽ വിനോദസഞ്ചാരികളെയും താമസക്കാരെയും ആകർഷിക്കുന്നതിനായി എട്ട് കിലോമീറ്റർ നീളത്തിൽ വിപുലമായ ലൈറ്റിങ് സംവിധാനം ഒരുക്കും. അത്യാധുനിക പ്രകാശസംവിധാനങ്ങൾ വഴി ക്രീക്കിന്റെ പ്രവേശന കവാടങ്ങൾ, പാരമ്പര്യ വിപണികൾ, കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ, വാട്ടർഫ്രണ്ട് നടപ്പാതകൾ എന്നിവയെല്ലാം സൂര്യാസ്തമയത്തിന് ശേഷം മനോഹരമായി പ്രകാശിപ്പിക്കും. കാൽനടയാത്രക്കാർക്ക് സുരക്ഷിതവും ആകർഷകവുമായ അന്തരീക്ഷം ഒരുക്കുന്ന ഈ പദ്ധതി 2027 ആദ്യ പാദത്തിൽ പൂർത്തിയാകും.

ലോകത്തിലെ ആദ്യ എഐ പാർക്ക് ഡിസൈൻ ചലഞ്ച്:

ലോകത്താദ്യമായി പാർക്കുകളും പൊതുവിടങ്ങളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപന ചെയ്യുന്നതിനായി എഐ പവേർഡ് പാർക്ക് ഡിസൈൻ ചലഞ്ച് ദുബായ് പ്രഖ്യാപിച്ചു. നഗരത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും താൽപര്യങ്ങളും ഡാറ്റാ അനലിറ്റിക്സ് വഴി മനസ്സിലാക്കി കൂടുതൽ ജനകീയമായ പാർക്കുകൾ നിർമിക്കാൻ ഇതിലൂടെ സാധിക്കും. ഇതിനൊപ്പം തന്നെ, ലോകപ്രശസ്ത ജാപനീസ് ആർക്കിടെക്റ്റായ കെംഗോ കുമയുമായി സഹകരിച്ച് ദുബായിൽ റിസർവോയർ പാർക്ക് എന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. പ്രകൃതിയും മനുഷ്യനും വാസ്തുവിദ്യയും തമ്മിലുള്ള ദൃഢമായ ബന്ധം പ്രതിഫലിപ്പിക്കുന്ന ഈ പാർക്ക് കെംഗോ കുമ ദുബായിൽ രൂപകൽപന ചെയ്യുന്ന ആദ്യത്തെ പാർക്ക് പ്രൊജക്റ്റാണ്.

 

വളരെ പുതിയ വളരെ പഴയ